പാലാ : പഞ്ചായത്ത് പുറമ്പോക്കിൽ നിന്ന മരം അനധികൃതമായി വെട്ടിമാറ്റാനുള്ള ശ്രമം നാട്ടുകാരുടെ ഇടപെടലിൽ പൊളിഞ്ഞു. പാലാ മീനച്ചിൽ പഞ്ചായത്ത് പരിധിയ്ക്കുള്ളിൽ വിളക്കുമാടം ചെമ്പശ്ശേരി ജംഗ്ഷന് സമീപത്തെ തോട് പുറമ്പോക്കിൽ നിന്ന ആഞ്ഞിലിമരമാണ് ഇന്നലെ രാവിലെ വെട്ടിമാറ്റാൻ ശ്രമിച്ചത്. മേഖലയിലെ ഒരുതടി കച്ചവടക്കാരനാണ് ഉദ്ദേശം 30000ത്തോളം രൂപ വിലവരുന്ന തടി വെട്ടിമാറ്റി കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തടിയുടെ മുപ്പതടി ഭാഗത്തിലുള്ള മുകൾഭാഗം വെട്ടിമാറ്റി താഴെയിടുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് സെക്രട്ടറി എം.സുശീൽ അടിയന്തിരമായി ഇടപെട്ട് തടി കടത്താനുള്ള നീക്കം തടയുകയുമായിരുന്നു. വ്യാപാരിയും പണിക്കാരും കടന്നുകളഞ്ഞു. തോട് പുറമ്പോക്കിൽ നിന്ന മരം വീടിന് ഭീഷണിയാണെന്ന പരാതി സമീപത്തെ വീട്ടുടമ പഞ്ചായത്തിന് നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി മരം വെട്ടിമാറ്റാൻ തീരുമാനിക്കുകയും വില നിശ്ചയിക്കാനായി ഫോറസ്റ്റ് അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് പഞ്ചായത്ത് ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുള്ള തടി വ്യാപാരിയുടെ നേതൃത്വത്തിൽ തടികടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

മുൻപും തടി കടത്തി

വിളക്കുമാടം ഭാഗത്തു നിന്നും ഇതേ വ്യക്തിയുടെ നേതൃത്വത്തിൽ മുൻപും പുറമ്പോക്കു ഭൂമിയിലെ തടി കടത്തിക്കൊണ്ടി പോയതായി ആക്ഷേപം ഉയർന്നിരുന്നു. എന്നിട്ടും നടപടിയൊന്നുമെടുത്തില്ല. ഈ സംഭവത്തിൽ പഞ്ചായത്തിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന കർശന നിലപാടിലാണ് പ്രദേശവാസികൾ.