കോട്ടയം: കാറ്റിന്റെ സംഹാരതാണ്ഡവത്തിൽ കുമരകത്തും വൈക്കത്തും വൻ നാശം. നിനച്ചിരിക്കാതെ ആഞ്ഞുവീശിയ ചുഴലികാറ്റാണ് വ്യാപക നാശനഷ്ടം വരുത്തിയത്. ലക്ഷക്കണക്കിന് നഷ്ടം സംഭവിച്ചതായി കരുതുന്നു. നഷ്ടം കണക്കാക്കിയിട്ടില്ല. വൈക്കം, തോട്ടകം, കുമരകം, അയ്മനം, ആർപ്പൂക്കര ഭാഗങ്ങളിലാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശക്തമായ കാറ്റ് വീശിയത്. കാറ്റത്ത് 100ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. 30ലധികം ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞു വീണു. വൈദ്യുതി കമ്പികൾ പലയിടത്തും മുറിഞ്ഞുകിടക്കുകയാണ്. കാറ്റത്ത് മരങ്ങൾ വീണ് നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കമരകം-ചേർത്തല റോഡിൽ 50ലധികം തണൽമരങ്ങൾ കാറ്റത്ത് നിലംപതിച്ചു. ഇതോടെ വൈക്കം-ചേർത്തല റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. കവണാറ്റിൻകര, ചീപ്പുങ്കൽ, കൈപ്പുഴമുട്ട് എന്നിവിടങ്ങളിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടുകളുടെ മേൽക്കൂര കാറ്റ് പറത്തിക്കൊണ്ടുപോയി. കുമരകത്ത് അഞ്ചു മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിയത്. ഇവിടെ മാത്രം നൂറോളം വീടുകളുടെ മേൽക്കൂര നഷ്ടപ്പെട്ടു. ഇരുപതോളം വീടുകൾ പൂർണമായും തകർന്നു. പള്ളിച്ചിറ മുതൽ കൈപ്പുഴമുട്ട് വരെ നിരവധി തണൽമരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞു വീണതോടെ കുമരകം-ചേർത്തല റോഡിലും ഗതാഗതം സ്തംഭിച്ചു. ഇരുപതോളം വാഹനങ്ങൾ ഒടിഞ്ഞു വീണ മരങ്ങൾക്കടിയിൽപ്പെട്ടു. കുമരകം, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അയ്മനം പഞ്ചായത്തിലെ ഇരുപതാം വാർഡിൽ മാത്രം മുപ്പതോളം വീടുകൾ കാറ്റത്ത് തകർന്നു. പൊന്നപ്പൻ ആറ്റു ചിറ, ശശി ആറ്റു ചിറ, വിജയൻ മാഞ്ചിറ, ബിജു തെക്കെപ്പുരയിൽ, കുട്ടപ്പൻ വള്ളപ്പുര തുടങ്ങിയവരുടെ വീടുകളുടെ മുകളിൽ മരങ്ങൾ വീണു. കവണാറ്റിൻകരയിൽ രണ്ട് ഹൗസ് ബോട്ടുകൾ കാറ്റിൽ കെട്ട് പൊട്ടി മറ്റ് ബോട്ടുകളിൽ ഇടിച്ച് കേടുപാട് സംഭവിച്ചു. കാറ്റിന്റെ ശക്തിയിൽ കവണാറ്റിൻകര ഓട്ടോസ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ തലകീഴായി മറിഞ്ഞു. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിന് പോയ ചില വള്ളങ്ങൾ കാറ്റിൽ ദിശമാറി മറ്റു കരകളിൽ എത്തായിരുന്നു. ആളപായം ഇല്ല. കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് റോഡിൽ വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുന: സ്ഥാപിച്ചത്.