pepper

കോട്ടയം: കറുത്തപൊന്നിന് വിലകൂടി. കുരുമുളകിന് ക്വിന്റലിന് 300 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ അൺഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് 32,500 രൂപയായി. ഗാർഹബിളിന് 34,500 രൂപയും. കഴിഞ്ഞയാഴ്ച കൊച്ചി വിപണിയിൽ 163 ടൺ കുരുമുളകാണ് വില്പനക്കെത്തിയത്.

ദീപാവലി ആയതോടെ ഉത്തരേന്ത്യയിൽ ആവശ്യക്കാർ ഏറിയതാണ് പെട്ടെന്ന് വില കൂടാൻ കാരണം. എന്നാൽ ഉത്തരേന്ത്യൻ ലോബി ഇറക്കുമതി കുരുമുളക് കൂടുതലായും വാങ്ങുന്നത് കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രഹരമായി. കുരുമുളകിന് ആവശ്യക്കാർ ഏറിയെങ്കിലും നാടൻ കുരുമുളക് വാങ്ങാൻ ആളില്ലായെന്ന അവസ്ഥയാണിപ്പോൾ. കുരുമുളക് ഇറക്കുമതി നിരോധിക്കണമെന്ന് കർഷകർ ഏറെനാളായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര വാണിജ്യ മന്ത്രാലയം കേട്ട ഭാവം നടിക്കുന്നില്ല. ഇത് കർഷകർക്ക് ഏറെ ദോഷം ചെയ്യുകയാണ്. ഇപ്പോൾ കുരുമുളകിന് വില വർദ്ധിച്ചുവെങ്കിലും ഇതിന്റെ ഗുണം കേരളത്തിലെ കുരുമുളക് കർഷകർക്ക് ഗുണം ചെയ്യില്ല.

മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്യുന്ന ശ്രീലങ്കൻ കുരുമുളകാണ് കൂടുതൽ വിറ്റഴിക്കുന്നത്. കഴിഞ്ഞയാഴ്ച 100 ടൺ ഇറക്കുമതി കുരുമുളകാണ് മഹാരാഷ്ട്രയിൽ വിറ്റഴിച്ചത്. ശ്രീലങ്കൻ കുരുമുളകിന് വില കുറവായതാണ് ഇതിന് കാരണം. കുരുമുളക് പൊടിച്ചതാണ് കൂടുതലായും വടക്കേ ഇന്ത്യക്കാർ വാങ്ങുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ത്യയുടെ കയറ്റുമതി നിരക്ക് ഒരു ടൺ കുരുമുളകിന് 5,000 ഡോളറാണ്. ഈ വിലയിൽ ഇപ്പോഴും മാറ്റമില്ല. ശ്രീലങ്കൻ കുരുമുളകിന് ടണ്ണിന് 3400-3500 രൂപയായിരുന്നു കഴിഞ്ഞയാഴ്ചയിലെ വില.