കോട്ടയം: വെള്ളൂരിലെ കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റിന്റെ (എച്ച്.എൻ.എൽ) ലേലത്തുക സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിലെ തർക്കം തീർക്കാനുള്ള ചർച്ച ഇന്നു നടക്കും. എച്ച്.എൻ.എൽ കടക്കെണിയിലായതിനെ തുടർന്നാണ് കേന്ദ്രം വിറ്റൊഴിയുന്നത്.
ഇതിനായുള്ള ലേലത്തിൽ ബാദ്ധ്യതകൾ തീർത്ത് കൈമാറാനായി കേന്ദ്രം അഡ്‌മിറ്റഡ് ക്ളെയിമായി ആദ്യം 460 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 345 കോടി രൂപയായി കുറച്ചു. സ്ഥാപനം ഏറ്റെടുക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച കിൻഫ്രയുടെ വാഗ്‌ദാനം 142 കോടി രൂപയാണ്.
ലേലത്തിൽ സംബന്ധിച്ച സ്വകാര്യ കമ്പനിയായ സൺ പേപ്പേഴ്‌സ് വാഗ്‌ദാനം ചെയ്‌തത് 69 കോടി രൂപ മാത്രം. വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റിയാബ് ചെയമാൻ എൻ. ശശിധരൻ, കേന്ദ്ര പ്രതിനിധികളായ റെസൊല്യൂഷൻ പേഴ്‌സണൽ കുമാർ രാജൻ, ക്രെഡിറ്റേഴ്‌സ് സമിതിയംഗങ്ങൾ എന്നിവർ തമ്മിലാണ് ചർച്ച.
എച്ച്.എൻ.എൽ ഫാക്‌ടറി നിർമ്മിക്കാൻ 1975-80ൽ കേരളം 700 ഏക്കർ നൽകിയിരുന്നു. എച്ച്.എൻ.എല്ലിനെ സ്വകാര്യവത്കരിക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടം തടസമായി. ഇതോടെയാണ് ഏറ്റെടുക്കാൻ കേരളം തീരുമാനിച്ചത്.