വൈക്കം : പാടശേഖരങ്ങൾ ശുചീകരിച്ച് നെൽകൃഷി. പുരയിടങ്ങൾ കിളച്ചൊരുക്കി പച്ചക്കറികൃഷി. കുളങ്ങൾ വൃത്തിയാക്കി മത്സ്യകൃഷിയും. ആശ്രമം സ്‌കൂളിലെ കുട്ടികൾക്ക് പ്രകൃതിയും പാഠപുസ്തകമാണ്. തലയാഴം പഞ്ചായത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് തുടങ്ങിയ നെൽകൃഷി പറിച്ചു നടീൽ കഴിഞ്ഞു. നാല് ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി. പഞ്ചായത്തിലെ 20 സെന്റ് വരുന്ന രണ്ട് കുളങ്ങൾ വൃത്തിയാക്കിയാണ് കരിമീൻ കൃഷിക്കായി കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
വിഷരഹിത ഭക്ഷണം എന്ന ആശയം പ്രചരിപ്പിക്കുക, തലമുറകൾ കൈമാറി വന്ന കൃഷിയുടെ നാട്ടറിവുകൾ സംരക്ഷിക്കുക പ്രകൃതിയെ അടുത്തറിഞ്ഞ് വളരുക എന്നിവയാണ് ലക്ഷ്യം. സ്‌കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, ജെ. ആർ.സി, ലിറ്റിൽ കൈറ്റ് തുടങ്ങിയ ക്ലബുകളുടെയും പി.ടി.എയുടെയും നേതൃത്വത്തിലാണ് കൃഷി. ഇതിലൂടെ ലഭിക്കുന്ന വരുമാനം സ്‌കൂളിലെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. കരിമീൻ കൃഷിക്കായി 500 കുഞ്ഞുങ്ങളുടെ നിക്ഷേപം സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ. ബിന്ദു നിർവഹിച്ചു. പ്രിൻസിപ്പൽമാരായ എ.ജ്യോതി, ഷാജി ടി.കുരുവിള, പ്രഥമദ്ധ്യാപിക പി.ആർ.ബിജി, എൽ.പി വിഭാഗം ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, അദ്ധ്യാപകരായ മഞ്ജു എസ്. നായർ, മിനി വി. അപ്പുക്കുട്ടൻ, അമൃത പാർവ്വതി, പ്രീതി വി.പ്രഭ, ജയന്തി കെ.തങ്കപ്പൻ, റിറ്റു എസ്.രാജ്, റെജി.എസ്.നായർ, ജിജി എന്നിവർ പങ്കെടുത്തു.
ജൈവപച്ചക്കറി കൃഷി
ജൈവപച്ചക്കറി കൃഷിയുടെ ഭാഗമായി ആയിരം ചുവട് കപ്പ, 187 തടങ്ങളിൽ ചേന, 107 കുഴികളിൽ ചേമ്പ്, 62 കുഴികളിൽ കാച്ചിൽ എന്നിവയും നട്ടു. ഇതിന്റെ ഭാഗമായി പാവൽ, പടവലം, പീച്ചിൽ, വെണ്ട, വഴുതന, കാരറ്റ്, ബീൻസ്, തക്കാളി, വള്ളിപയർ, മത്തൻ, കുമ്പളം, വെള്ളരി, ചീര, ക്യാപ്‌സിക്കം, പച്ചമുളക്, കാന്താരി, കുക്കുമ്പർ തുടങ്ങിയ ഇനങ്ങളും കൃഷിചെയ്തിട്ടുണ്ട്.