കാഞ്ഞിരപ്പള്ളി: നഷ്ടം തന്നെ നഷ്ടം. ജില്ലയിലെ ഏത്തവാഴക്കർഷകർ കണ്ണീപൊഴിക്കുകയാണ്. വിപണിയിൽ ഏത്തയ്ക്കായുടെ വിലയിടിവ് നൂറുകണക്കിന് കർഷകരുടെ സ്വപ്നങ്ങളെയാണ് ഇല്ലാതാക്കിയത്. വയനാടൻ വാഴക്കുലകൾ വൻതോതിൽ വിപണിയിൽ എത്തിയതാണ് ജില്ലയിലെ കർഷകർക്ക് വിനയായത്.വിലയിടിഞ്ഞതോടെ മുടക്കുമുതൽ പോലും ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. വയനാട്ടിൽ നിന്നുള്ള ഏത്തക്കായ വിപണിയിൽ സ്ഥാനംപിടിച്ചതോടെ കിലോയ്ക്ക് 32 മുതൽ 40 രൂപ നിരക്കിൽ ഏത്തക്കുലകൾ വിൽക്കേണ്ട ഗതികേടിലാണ് കർഷകർ.ഒരു കിലോ ഏത്തപഴത്തിന് വിപണിയിലെ വില 38 രൂപയാണ്.കഴിഞ്ഞവർഷം ഇതേസമയത്ത് പച്ചക്കായ്ക്ക് 50 രൂപയിലേറെ വിലയും പഴുത്ത കായ്ക്ക് അറുപതോളം രൂപയും ലഭിച്ചിരുന്നു. അന്ന് സാധാരണ കൃഷിക്കാരന് മുടക്കുമുതലിന് തുല്യമായ തുക ലഭിച്ചിരുന്നു. വിലയിടിഞ്ഞ സാഹചര്യത്തിനൊപ്പം കൃഷിചിലവേറിയതും കർഷകർക്ക് തിരിച്ചടിയായി മാറുകയാണ്.
ഞങ്ങളെ തഴയുന്നു
കർഷക കൂട്ടായ്മയിലുള്ള സംഘങ്ങളിൽ പോലും കുറഞ്ഞ വിലയ്ക്കാണ് ഏത്തവാഴക്കുലകൾ വിറ്റുപോവുന്നത്. അതേസമയം വ്യാപാരികൾ തങ്ങളെ അവഗണിക്കുകയാണെന്ന് കർഷകരും പരിതപിക്കുന്നു.