udf

കോട്ടയം : പത്രികാ സമർപ്പണത്തിന്റെ അവസാനദിവസം വരെ സീറ്റ് ചർച്ച നീളുന്ന പതിവ് തെറ്റിച്ച് യു.ഡി.എഫ് ഇടതുമുന്നണിക്ക് മുൻപ് ജില്ലാപഞ്ചായത്തിൽ സീറ്റ് വിഭജനം പൂർത്തിയാക്കി. കോൺഗ്രസ് - കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ധാരണ അനുസരിച്ച് 13 സീറ്റുകളിൽ കോൺഗ്രസും, 9 സീറ്റുകളിൽ ജോസഫ് വിഭാഗവും മത്സരിക്കും. മുസ്ലിംലീഗ് ഒരു സീറ്റിന് അവകാശ വാദം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗസ് ഒരു സീറ്റ് വിട്ടു നൽകിയേക്കുമെന്നും സൂചനയുണ്ട്. വൈക്കം, വെള്ളൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ, അതിരമ്പുഴ ഡിവിഷനുകളിലാണ് ജോസഫ് വിഭാഗം മത്സരിക്കുന്നത്. കേരള കോൺഗ്രസ് (എം) ജയിച്ച ആറ് സീറ്റ് നൽകാനായിരുന്നു കോൺഗ്രസ് തീരുമാനം. മത്സരിച്ച 11 സീറ്റ് വേണമെന്ന നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചു നിന്നു. ഞായറാഴ്ച രാത്രി ഉമ്മൻചാണ്ടിയും പി.ജെ.ജോസഫും തമ്മിലുള്ള ചർച്ചയിലാണ് ഒമ്പതു സീറ്റിൽ ധാരണയായത്. എരുമേലി സീറ്റിനായി മുസ്ലിംലീഗ് ശക്തമായ സ്വാധീനം സംസ്ഥാന നേതാക്കൾ വഴി നടത്തിയിരുന്നു. കോൺഗ്രസും ലീഗും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമാകും.

ജോസഫ് വിഭാഗം സ്ഥാനാർത്ഥി പരിഗണനയിലുള്ളവർ

വെള്ളൂർ : പോൾസൺ ജോസഫ്

കുറവിലങ്ങാട് : മേരി സെബാസ്റ്റ്യൻ

ഭരണങ്ങാനം : സജി മഞ്ഞക്കടമ്പിൽ, മൈക്കിൾ പുല്ലുമാക്കൽ

കാഞ്ഞിരപ്പള്ളി : മറിയാമ്മ ജോസഫ്

കിടങ്ങൂർ : ജോസ് മോൻ മുണ്ടയ്ക്കൽ

അതിരമ്പുഴ : ഡോ.റോസമ്മ സോണി , സാലി ജോർജ്

കങ്ങഴ : ത്രേസ്യാമ്മ കയ്യാലമ്പറമ്പിൽ ,ആലീസ് തോമസ്

തൃക്കൊടിത്താനം : സ്വപ്ന ബിനു

വൈക്കം (സ്ഥാനാർത്ഥിയായില്ല)

ഇടതുമുന്നണിയിൽ ധാരണയായില്ല

ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകേണ്ട സീറ്റ് സംബന്ധിച്ച് ഇടതുമുന്നണിയിൽ ധാരണയായില്ല. ഇന്നലെ സി.പി.എം - സി.പി.ഐ ഉഭയകകക്ഷി ചർച്ച നടന്നു. ഇടതുമുന്നണി ഘടകകക്ഷികൾ ജയിച്ച സീറ്റിൽ തർക്കമില്ല. മത്സരിച്ച് തോറ്റ സീറ്റുകൾ പുതിയ ഘടകകക്ഷിയായി മുന്നണിയിലെത്തിയ ജോസ് വിഭാഗത്തിന് വീതംവയ്ക്കുന്നതിലാണ് ധാരണയാകാത്തത്. ജില്ലയിലെ ശക്തി കണക്കിലെടുത്ത് 13 സീറ്റാണ് ജോസ് വിഭാഗം ആവശ്യപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ സി.പി.എം 13 സീറ്റിലും, സി.പി.ഐ അഞ്ചു സീറ്റിലുമാണ് മത്സരിച്ചത്. ഇതിൽ നിന്ന് വേണം ജോസ് വിഭാഗത്തിന് സീറ്റ് പകുത്തു നൽകാൻ. സി.പി.എമ്മിലും കൂടുതൽ സീറ്റ് ജോസ് വിഭാഗത്തിന് നൽകുമോ എന്ന് കണ്ടറിയണം.

ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫ് മികച്ച വിജയം നേടും. സീറ്റ് വിഭജനം പൂർത്തിയാക്കി ഇനി അഭിമാനപോരാട്ടത്തിലേയ്‌ക്കു കടക്കുകയാണ്.

മോൻസ് ജോസഫ് എം.എൽ.എ

യു.ഡി.എഫ് ജില്ലാ കൺവീനർ

ജില്ലാ പഞ്ചായത്തിലേയ്‌ക്ക് അടക്കമുള്ള സീറ്റ് വിഭജനം തർക്കങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്. യു.ഡി.എഫിന് എല്ലാക്കാലത്തും പിന്തുണ നൽകിയ വോട്ടർമാരിലേയ്‌ക്ക് ഇനി ഇറങ്ങുകയാണ് ചെയ്യുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ