കോട്ടയം: ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെൻ്റ് വിഭാഗത്തിന് ആറ് ഇലക്‌ട്രിക്ക് കാറുകൾ കൂടി ലഭിച്ചു. കൊവിഡ് കാലത്ത് നിറുത്തി വച്ചിരുന്ന വാഹന പരിശോധന വ്യാപകമായി പുനരാരംഭിക്കാൻ പുതിയ വാഹനങ്ങൾ കരുത്തേകും .
മൂന്നുമാസം മുൻപ് നിലവിൽ വന്ന ഇ- ചെല്ലാൻ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നടത്തിയ വാഹന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്തതിന് മാത്രം 9177 കേസെടുത്തിട്ടുണ്ട്. പരിശോധന ശക്തമാക്കിയിട്ടും പലരും ഇപ്പോഴും ഹെൽമറ്റ് ധരിക്കുന്നില്ല. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവ് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ.
2019 ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വാഹനാപകടങ്ങളിൽ 80 പേരാണ് ജില്ലയിൽ മരിച്ചത്. ഈ വർഷം ഇതുവരെ മരിച്ചത് 42 പേരാണ്. 48% ശതമാനത്തോളം അപകടമരണങ്ങൾ കുറഞ്ഞിട്ടുണ്ട് .
നോട്ടീസ് ഫോണിലെത്തും
ഈ ചെല്ലാൻ വഴി തയ്യാർ ചെയ്ത കേസുകളിൽ സാധാരണ രീതിയിലുള്ള നോട്ടീസ് വാഹന ഉടമകൾക്ക് ലഭിക്കില്ല. ഫോൺ നമ്പറിലേക്ക് എസ്.എം.എസ് സന്ദേശമാണ് ലഭിക്കുക. ഇതിനാൽ, വാഹന ഉടമകൾ ഫോൺ നമ്പർ വാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യുകയോ, e-challan.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി കേസുകളുണ്ടോയെന്ന് പരിശോധിക്കുകയോ വേണം.
പരിശോധന ശക്തമാക്കും
പുതുതായി ലഭിച്ച ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് വാഹന പരിശോധനയും ബ്ലാക്ക് സ്പോട്ടുകൾ (അപകട മേഖലകൾ) കേന്ദ്രീകരിച്ചുള്ള പട്രോളിംഗും കാര്യക്ഷമമാക്കും.
ടോജോ എം.തോമസ്, കോട്ടയം ഫോഴ്സ്മെന്റ് ആർ.ടി. ഒ