പാലാ.നൂറു ശതമാനം വിഷരഹിത മുളക് ഉത്പാദിപ്പിച്ചു ശ്രദ്ധേയമായി ഗ്രീൻ ചില്ലി കൂട്ടായ്മ. അരുണാപുരത്ത് തരിശു കിടന്ന 30 സെന്റ് സ്ഥലത്താണ് ജൈവരീതിയിൽ മുളക് ഉല്പാദിപ്പിക്കുന്നത്. കൊമ്പൻ, കാന്താരി (വിവിധ ഇനം)കാപ്‌സികം തുടങ്ങിയ ഇനത്തിലുള്ള മുളക് ചെടികളാണ് കൃഷി ചെയ്യുന്നത്. ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ വിളവ് എടുക്കാം. നാലു മാസം വരെ വിളവെടുക്കാൻ കഴിയും. ഒരു ചെടിയിൽ നിന്നും 150 മുതൽ 250 ഗ്രാം വരെ മുളക് ലഭിക്കും. ആന്ധ്രാ, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നും ശേഖരിച്ച തേജ ഇനത്തിൽ പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. പാലാ കൃഷിഭവന്റെ നിർദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ് കൃഷി നടത്തിയത്. ഗ്രോ ബാഗിൽ വേപ്പിൻ പിണ്ണാക്ക്, ചാണകം തുടങ്ങിയ ജൈവവളങ്ങൾ ചേർത്താണ് കൃഷി നടത്തുന്നത്. പുകയില കഷായമാണ് പ്രധാനമായും കീടനാശിനിയായി ഉപയോഗിക്കുന്നത്. കൃഷിയിടത്തിൽ തന്നെ വിപണനം നടത്താൻ കഴിയുന്ന തരത്തിൽ ആവശ്യക്കാർ ഏറെയാണ്.
മുളക് വിളവെടുപ്പിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ എം.എൽ.എ നിർവഹിച്ചു. അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലുകാലായിൽ
കാർഷിക ക്ഷേമനിധി ബോർഡ് അംഗം ജോസ് കുറ്റിയാനിമറ്റം, വി.ജി വിജയകുമാർ എന്നിവർ പങ്കെടുത്തു. ഗ്രീൻ ചില്ലി കൂട്ടായ്മ അംഗങ്ങളായ പ്രിൻസ് കിഴക്കേക്കര, ജിമ്മി ജോസഫ് തയ്യിൽ, സിബി ഇരിപ്പുകാട്ട്, മാത്യു ജോസഫ് എടാട്ടുപാറമ്പിൽ, ജോസഫ് ജോർജ് തൊട്ടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി നടത്തിയത്. സൊസൈറ്റി രൂപീകരിച്ചു വിവിധ ഇനം പച്ചക്കറികൾ ജൈവ രീതിയിൽ കൃഷി ചെയ്യ്തു വിഷ രഹിത പച്ചക്കറികൾ ജനങ്ങൾക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇവർ.