manju

കുമരകം : ആഞ്ഞുവീശിയ ചുഴലിക്കാറ്റിന്റെ നടുക്കത്തിൽ നിന്ന് കക്കാപറമ്പിൽ സഞ്ജുവിന്റെ ഭാര്യ മജ്നു ഇതുവരെ മുക്തയായിട്ടില്ല. രണ്ടാഴ്ച മുൻപായിരുന്നു മജ്നുവിന്റെ പ്രസവം. സിസേറിയനായതിനാൽ വിശ്രമത്തിലായിരുന്നു. വീട്ടിൽ മൂത്ത മകൻ സച്ചിനും ഭർത്താവിന്റെ അമ്മ സുശീലയുമാണുണ്ടായിരുന്നത്. കാറ്റ് വീശി അടിക്കുമ്പോൾ കുട്ടിയുമായി മുറിയിൽ കിടക്കുകയായിരുന്നു. പൊടുന്നനെയാണ് മേൽക്കൂരയിലെ ഷീറ്റ് പെട്ടി തകർന്ന് മുറിക്കുള്ളിൽ വീണത്. തലനാരിഴയ്ക്കാണ് അമ്മയും കുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. സുശീല ഓടിയെത്തി ഇരുവരെയും വീടിന് പുറത്തെത്തിച്ചു. ഈ സമയം വലിയ ശബ്ദത്തോടെ മുറ്റത്തെ പടുകൂറ്റൻ മാവ് വീടിന് മുകളിലേക്ക് വീണു. മേൽക്കൂരയും ഭിത്തിയും തകർന്നു. എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുമ്പോഴാണ് സച്ചിൻ വീടിനുള്ളിൽ ആണെന്ന് തിരിച്ചറിയുന്നത്. കൈക്കുഞ്ഞിനെ സുശീലയെ ഏൽപ്പിച്ച് മജ്നു മുറിക്കുള്ളിലേക്ക് ഓടി. മേൽക്കൂരയും ഷീറ്റും ഇഷ്ടികളും നിറഞ്ഞു കിടക്കുന്നു. ശാരീരിക അവശതക്കിടയിലും മജ്നു അവയെല്ലാം മാറ്റി. കട്ടിലിനടിയിൽ സുരക്ഷിതനായി ഇരുന്ന സച്ചിനെ പുറത്തെത്തിച്ചു. മാവ് വീടിന് മുകളിൽ വീഴുന്നത് കണ്ടാണ് സച്ചിൻ കട്ടിലിനടിയിലേക്ക് കയറിയത്. വീട് പൂർണമായും തകർന്നെങ്കിലും രണ്ട് കുട്ടികളെയും പരിക്കുകളില്ലാതെ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് മജ്നു.