maram

കോട്ടയം : ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ ഞായറാഴ്ച ശക്തമായ കാറ്റിനെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വീടുകൾ, കെട്ടിടങ്ങൾ, കൃഷി, വാഹനങ്ങൾ, വൈദ്യുതി വിതരണ സംവിധാനം എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് അയ്മനത്തും കുമരകത്തും സന്ദർശനം നടത്തിയ ജില്ലാ കളക്ടർ എം.അഞ്ജന പറഞ്ഞു. ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുമെന്നും കളക്ടർ വ്യക്തമാക്കി. കൃഷിനാശം കൂടുതൽ സംഭവിച്ചത് അയ്മനം ഗ്രാമപഞ്ചായത്തിലാണ്. വീടുകൾക്കും മറ്റുമുണ്ടായ കേടുപാടുകളുടെ കണക്കെടുക്കുന്നതിന് അതത് തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയറിംഗ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കുമരകം പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനിയർ ക്വാറന്റൈനിലായതിനാൽ പകരം ആളെ നിയോഗിച്ച് കണക്കെടുപ്പ് നടത്താൻ തദ്ദേശവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദേശം നൽകി. പഞ്ചായത്തുകളിലെ അഗ്രിക്കൾച്ചറൽ ഓഫീസർമാരാണ് കൃഷിനാശം സംബന്ധിച്ച വിശാദംശങ്ങൾ ശേഖരിക്കുന്നത്. വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾക്കും ലൈനുകൾക്കും വൻ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അടിയന്തിര നഷ്ടപരിഹാരം നൽകണം : എം.പി

ചുഴലിക്കാറ്റിൽവീട് നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ച കർഷകർക്കും അടിയന്തിര നഷ്ടപരിഹാരം എത്തി ക്കണമെന്ന് തോമസ് ചാഴികാടൻ എം.പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കവണാറ്റിൻകര, ചീപ്പുങ്കൽ പ്രദേശത്താകെ വൈദ്യുതി തകരാറിലാണ്. നൂറിലധികം വീടുകൾക്ക് പൂർണമായോ, ഭാഗികമായോ കേടുപാടുകൾ സംഭവിച്ചു. കൊയ്യാൻ പാകമായ നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിലെ നെല്ല് നശിച്ചെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തിര സഹായം നൽകണം: വാസവൻ
ചുഴലിക്കൊടുങ്കാറ്റിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, റവന്യു, കൃഷി മന്ത്രിമാർക്ക് സഹായമഭ്യർഥിച്ച് ഇ-മെയിലിൽ നിവേദനം നൽകിയാതും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിൽ നൂറുകണക്കിന് വീടുകളാണ് തകർന്നത്. വലിയതോതിൽ പണം ചെലവഴിക്കാതെ ഇവർക്ക് സ്വന്തം വീടുകളിൽ കഴിയാനാവില്ല. 200 ഏക്കറുള്ള വട്ടക്കായൽ പാടത്തെ നെല്ല് മുഴുവൻ കാറ്റടിച്ച് വീണുപോയി. കൃഷിക്കാർക്ക് കനത്ത നഷ്ടമാണ് സംഭവിച്ചത്. ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം വൈകാതെ നൽകാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.