പാലാ : ഹൃദ്രോഗ ചികിത്സാരംഗത്ത് ഏറ്റവും നൂതനമായ ലെഫ്‌റ്റ് ബൻഡിൽ ബ്രാഞ്ച് പേസിംഗ് (എൽ.ബി.ബി പേസിംഗ്)​ എന്ന പേസ് മേക്കർ ചികിത്സ മരിയൻ മെഡിക്കൽ സെന്ററിൽ വിജയകരമായി നടത്തി. കോട്ടയം ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യത്തെ ഓപ്പറേഷനാണ് മരിയനിലെ കാർഡിയോളജി വിഭാഗത്തിൽ നടത്തിയത്. ഹൃദയത്തിന്റെ ഇടിപ്പ് കുറഞ്ഞു പോവുകയും രക്തം പമ്പുചെയ്യാനുള്ള ശക്തി നഷ്ടപ്പെടുകയും ചെയ്തതുമൂലം ആരോഗ്യനില ഗുരുതരാവസ്ഥയിലായ 82 വയസുള്ള സ്ത്രീയ്ക്കാണ് പേസിംഗ് ചികിത്സ നടത്തിയത്. പേസ്‌മേക്കർ ആവശ്യമായി വരുന്ന രോഗികളിൽ ഹ‌ൃദയത്തിന് പമ്പിംഗ് കുറവുള്ളപ്പോൾ നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന സി.ആർ.ടി ചികിത്സയ്ക്ക് 5 ലക്ഷത്തോളം രൂപ ചെലവ് വരുമ്പോൾ പുതിയ ചികിത്സാ രീതിക്ക് 2 ലക്ഷം രൂപയേയുള്ളൂ. മരിയൻ മെഡിക്കൽ സെന്ററിൽ പുതുതായി ആരംഭിച്ച നൂതന കാത്ത് ലാബിലാണ് കാർഡിയോളജി വിഭാഗം ഡ‌ോക്ടർമാരുടെ നേതൃത്വത്തിൽ ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഡോ. തോമസ് ജോർജ് പള്ളത്ത്,​ ഡോ. ബിജു സി ഐസക്,​ ഡോ. പ്രശാന്ത് എം. മാത്യു എന്നിവരെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ അനുമോദിച്ചു.