പാലാ: വിളക്കുമാടത്ത് പുറമ്പോക്കിൽനിന്നും ആഞ്ഞിലിമരം വെട്ടി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പഞ്ചായത്ത് ഭരണസമിതിയിലെ ഒരു പ്രമുഖ അംഗത്തിന്റെ അടുത്ത ബന്ധുവാണ് സംഭവത്തിന് പിന്നിലെന്നാണ് പാലാ പൊലീസ് നൽകുന്ന സൂചന. ഇയാളെ ഉടൻ ചോദ്യം ചെയ്യാൻ വിളിക്കും.

ചെമ്പകശ്ശേരിപ്പടിക്ക് സമീപം തോട്ടുപുറമ്പോക്കിൽ നിന്ന ആഞ്ഞിലിമരം ഞായറാഴ്ച രാവിലെയാണ് വെട്ടി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മരത്തിന്റെ മുകൾ ഭാഗം വെട്ടിമറിച്ചതോടെ നാട്ടുകാർ വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കുകയും സെക്രട്ടറി ഇടപെട്ട് മോഷണ ശ്രമം തടയുകയുമായിരുന്നു.

ഇന്നലെ രാവിലെ സംഭവസ്ഥലം സന്ദർശിച്ച പഞ്ചായത്ത്‌ സെക്രട്ടറി എം.സുശീൽ തടി കടത്തിക്കൊണ്ടുപോകാൻ നടത്തിയ നീക്കത്തിനെതിരെ പൊലീസിൽ പരാതി നൽകി. ഇതിനിടെ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പൂവരണി വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. ആഞ്ഞിലി പുറമ്പോക്കു ഭൂമിയിലാണ് നിൽക്കുന്നതെന്നും മരം ഭാഗികമായി മുറിച്ചുമാറ്റിയതിനാൽ നഷ്ടം സംഭവിച്ചതായും വില്ലേജ് ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.ഉദ്ദേശം മുപ്പതിനായിരത്തോളം രൂപ വിലമതിക്കുന്നതാണ് ഭാഗികമായി വെട്ടി ആഞ്ഞിലി. പ്രദേശത്തുനിന്നും മുമ്പും തേക്ക് ഉൾപ്പെടെ പുറമ്പോക്കിൽ നിന്ന തടികൾ മോഷണം പോയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഇന്ന് സെക്രട്ടറിയുടെ മൊഴിയെടുത്തശേഷം തുടർനടപടികൾ ഉണ്ടാകാനാണ് സാധ്യത.