പൊൻകുന്നം:ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്ര വികസനത്തിന് അമ്മയ്ക്ക് ഒരു പിടി മണ്ണ് പദ്ധതിയ്ക്ക് ദേവസ്വം ഭരണസമിതി രൂപം നൽകി. ക്ഷേത്രത്തോട് ചേർന്നുള്ള 72 സെന്റ് സ്ഥലം വാങ്ങി വികസന പദ്ധതികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ക്ഷേത്രത്തിൽ പാർക്കിംഗ് സൗകര്യം വിപുലീകരിക്കുക, ക്ഷേത്ര ഉത്സവം പൊങ്കാല തുടങ്ങിയ കാര്യങ്ങൾക്ക് ക്ഷേത്രത്തിനുള്ളിൽ തന്നെ സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് പദ്ധതിയിൽ പ്രധാനമായുള്ളത്. വി.ജി ശശികുമാർ തിരുവപ്പള്ളിൽ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. ദേവസ്വം പ്രസിഡന്റ് ഡോ. സി.പി.എസ് പിള്ള ഉദ്ഘാടനം നിർവഹിച്ചു. വി.ജി. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ പുന്നാംപറമ്പിൽ, ഡോ.ഗോപിനാഥപിള്ള,സെക്രട്ടറി എം.കെ. ജയകുമാർ,ട്രഷറാർ ടി.പി. രവീന്ദ്രൻപിള്ള,പി.ജി. രാജു പറപ്പള്ളിത്താഴത്ത് കെ.ജി. കുട്ടപ്പൻപിള്ള,എം.പി. സന്തോഷ്‌കുമാർ മംഗലത്ത്,രമണി സോമൻ,കെ.എൻ. ദാമോദരൻപിള്ള പിച്ചകപ്പള്ളിൽ എന്നിവർ പങ്കെടുത്തു.