കട്ടപ്പന: പീഡനത്തിനിരയായ ദളിത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസിലെ പ്രതി മുട്ടത്തെ ജില്ലാ ജയിലിൽ തൂങ്ങി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം തുടങ്ങി. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫാസിൽ റഹ്മാന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നലെ മുട്ടത്തെ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അന്വേഷണ സംഘത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങൾ കൈവശമുള്ളവർ കട്ടപ്പന കോടതിയെ സമീപിക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
നരിയംപാറ തടത്ത്കാലായിൽ മനു മനോജി(24) നെ നവംബർ അഞ്ചിന് വൈകിട്ടാണ് മുട്ടത്തെ ജില്ലാ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മനുവിന്റേത് എന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ് ആരോപിച്ചിരുന്നു. ഒക്‌ടോബർ 23ന് പുലർച്ചെ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 31നാണ് മരിച്ചത്.