ചുഴലിക്കാറ്റിൽ അയ്മനം,കുമരകം,ആർപ്പൂക്കര പഞ്ചായത്തുകളിലായി തകർന്നത് 211 വീടുകൾ
കുമരകം: വീശിയടിച്ച ചുഴലിക്കാറ്റിൽ കോടികളുടെ നഷ്ടം. അയ്മനം, കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളിലായി 16 വീടുകൾ പൂർണ്ണമായും 195 വീടുകൾ ഭാഗീകമായും തകർന്നു. വീടുകൾ തകർന്നതുമായി ബന്ധപ്പെട്ട് 5.50 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നത്. ആർപ്പൂക്കര ഒന്നാം വാർഡിലെ അകത്തേക്കരി, അന്തോണിക്കായൽ അയ്മനം പഞ്ചായത്തിലെ വട്ടക്കായൽ തട്ടേ പാടശേഖരങ്ങളിലെ നെൽ കതിർ ചാഞ്ഞ് പോയി. കുമരകം ചേർത്തല പ്രധാന പാതയിലെ 95 വൈദ്യുതി പോസ്റ്റുകളും തകർന്നു. നാളെ പ്രധാന പാതയിലെ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി ഗാന്ധിനഗർ അസി.എൻജിനിയർ വിജി പ്രഭാകരൻ അറിയിച്ചു.
കാറ്റിൽ നിരവധി ഹൗസ് ബോട്ടുകൾക്കും ശിക്കാരി ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചു.മേൽക്കൂര തകർന്നും കെട്ടുപൊട്ടി മറ്റു ബോട്ടുകളിൽ ഇടിച്ചുമാണ് നാശം സംഭവിച്ചത്. ഈ മേഖലയിൽ മാത്രം 1 കോടി രൂപയുടെ നഷ്ടം കണകാക്കപ്പെടുന്നു. ഉമേഷ്, സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രയ്ഡ് ബോട്ടിന് മാത്രം 10 ലക്ഷം രൂപയുടെ നാശമുണ്ടായി. കൈലാസം ബോട്ടിന്റെ മുൻവശത്തെ ഗ്ലാസുകൾ തകർന്നു.
കുമരകം പക്ഷിസങ്കേതത്തിൽ മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞ് വീണതിനെ തുടർന്ന് ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റാത്ത അവസ്ഥയാണ്. ചീപ്പുങ്കലിലെ പോസ്റ്റാഫീസിന് മേൽ മരം പതിച്ചു.കവണാറ്റിൻകര എ.ബി.എം സ്‌കൂളിന്റെ കെട്ടിടങ്ങൾക്കും നാശമുണ്ടായി. കൃഷിവിജ്ഞാന കേന്ദ്രത്തിലെ കെട്ടിടത്തിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. സമീപ പ്രദേശങ്ങളിലെ പല റിസോർട്ടുകളിലെയും കോട്ടേജുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .
കൃഷി നാശം
അയ്മനം പഞ്ചായത്തിൽ വട്ടക്കായൽ തട്ടേ പാടത്ത് വീണുപോയ നെൽകതിർ സംരക്ഷിക്കാനായി മോട്ടർ പ്രവർത്തിച്ച് വെള്ളം പുറത്തുകളയുന്ന ജോലികൾ ആരംഭിച്ചു.അയ്മനം പഞ്ചായത്തിൽ കാർഷികമേഖലയിൽ 9 ലക്ഷം രൂപയുടെയും കുമരകത്ത് 5 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. കവണാറ്റിൻകരയിലെ കാർഷിവിജ്ഞാന കേന്ദ്രത്തിൽ ഹോൾട്ടി കൽച്ചറൽ നേഴ്‌സറിയിലെ തൈകൾ നശിച്ചതുൾപ്പെടെ സ്ഥാപനത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മേൽക്കൂര കാറ്റെടുത്തു
ചുഴലിക്കാറ്റ് ഏറ്റവും ബാധിച്ചത് വീടുകളെയാണ്. നിരവധി വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി.തട്ടാപറമ്പ് ജ്ഞാനാംബികയുടെ വീട് പൂർണമായും തകർന്നു. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ അര കിലോമീറ്റർ അകലെ വയലിൽ പതിച്ചു. വിരുപ്പുകാല മറ്റത്തിൽ അപ്പുക്കുട്ടൻ, മോനച്ചൻ കണ്ണംച്ചിറ, മനോജ് പുളിമൂട്ടിൽ, സുശീല കക്കാപറമ്പ്, രാധമ്മ ശ്രീവിലാസം, ഉദയപ്പൻ ആറ്റുച്ചിറ, രാജു പുത്തൻപറമ്പിൽ തുടങ്ങിയവരുടെ വീടുകൾക്കാണ് പ്രധാനമായും കേടുപാടുകൾ സംഭവിച്ചത്. മേൽക്കര തകർന്നുവീണ് കണ്ണംച്ചിറ ലേഖ രജിമോന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
കൊവിഡിന് പിന്നാലെ ചുഴലിക്കാറ്റും
ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന വിരുപ്പുകാല ഭാഗത്താണ് കൂടുതൽ നാശം.കൊവിഡ് പ്രതിസിന്ധി മൂലം ദുരിതത്തിലായ പ്രദേശത്തെ ജനങ്ങൾക്ക് ഇരട്ടിപ്രഹരമായി ചുഴലിക്കാറ്റ്. ഫാം ടൂറിസത്തേക്ക് കടന്ന മോഹനൻ പുന്നത്താഴയുടെ പുരയിടത്തിലെ 100 വാഴകളും 8 തെങ്ങുകളും 1.5 ഏക്കറിലെ നെല്ലും കാറ്റിൽ നശിച്ചു.