കുമരകം : കൊടുങ്കാറ്റിൽ കടപുഴകിയത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുമരകത്തിന് തണലേകിയ മരങ്ങൾ. റോഡ് വികസനത്തെയും കാറ്റിനെയും പേമാരിയെയും അതിജീവിച്ച് റോഡിന് ഇരുവശവും തല ഉയർത്തി നിന്നവയാണിവ. കുമരകം റോഡിലൂടെയുള്ള യാത്രയിൽ ഈ തണലിന്റെ കരുതൽ ഏറ്റുവാങ്ങാത്തവരില്ല. നീണ്ട യാത്രയിൽ പലരുടെയും വിശ്രമകേന്ദ്രം കൂടിയായിരുന്നു ഈ മരച്ചുവടുകൾ. ബാങ്ക് പടി മുതൽ ചീപ്പുങ്കൽ വരെ ഇടതൂർന്ന് നിന്നിരുന്ന വൻ മരങ്ങളെയാണ് കാറ്റെടുത്തത്. മുപ്പതോളം മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് തൂങ്ങി. പടുകൂറ്റൻ മരങ്ങളുടെ സ്ഥാനത്ത് വെട്ടിമാറ്റിയ തടികളുടെയും ശിഖരങ്ങളുടെയും കൂനകൾ നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം റോഡിൽ പൊരിവെയിലായി. 35 വർഷം മുൻപ് പ്രകൃതിസ്നേഹിയായ ചീപ്പുങ്കൽ അറയിൽ ആന്റണി എന്ന കുഞ്ഞേട്ടൻ നട്ടുപിടിപ്പിച്ചതായിരുന്നു മരങ്ങൾ. കുമരകം ജെട്ടി മുതൽ കൈപ്പുഴ മുട്ട് വരെ അഞ്ഞൂറോളം തൈകളാണ് നട്ടത്. അതിൽ ഇരുന്നൂറോളം മരങ്ങളായിരുന്നു കാലത്തെ അതിജീവിച്ച് ഇന്നും നിലനിന്നിരുന്നത്. കഴിഞ്ഞ ആഗസ്റ്റ് 2 ന് കൊവിഡ് ബാധിച്ച് കുഞ്ഞേട്ടൻ മരിച്ചു. ഇപ്പോൾ മരങ്ങളും ഓർമ്മയായി.