thomas-susan

എരുമേലി: കുറുവാമുഴി പുതുപ്പറമ്പിൽ ടി.ജെ തോമസിന് പ്രായം 70. ഭാര്യ സൂസനാവട്ടെ 67ഉം. ഇരുവർക്കും ഇപ്പോഴും ചെറുപ്പത്തിന്റെ ചുറുചുറുക്ക്. ആരോഗ്യത്തിന്റെ കാര്യം ചോദിച്ചാൽ തോമസുചേട്ടൻ പറയും. "കൃഷിയോടുള്ള സ്നേഹം കൊണ്ടു മാത്രം".

അതിരാവിലെ കട്ടൻകാപ്പിയും കുടിച്ച് തൂമ്പയുമായി പുരയിടത്തിലേക്ക് ഇറങ്ങുന്ന തോമസ് തിരിച്ച് വീട്ടിലെത്തുന്നത് പത്തുമണിയോടെ. കൂടെ സൂസനുമുണ്ടാവും. രാവിലത്തെ ഭക്ഷണവും കഴിച്ച് വീണ്ടും തൊടിയിലേക്ക് ഇറങ്ങുകയാണ് ഈ ദമ്പതികൾ. വിശ്രമമെന്നത് തോമസുചേട്ടന്റെ ജീവിതത്തിലുണ്ടായിട്ടില്ലെന്ന് സൂസൻ പറയുന്നു.

പാവൽ, പയർ, കോവൽ, ചേമ്പ്, ചേന, കപ്പ, വാഴ, റംബൂട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങിയവയാണ് പറമ്പിലെ പ്രധാന കൃഷിയിനങ്ങൾ. കൂടാതെ പ്രമേഹ രോഗികൾക് ഏറെ പ്രയോജനം ചെയ്യുന്ന മാഗോദേവ് കൃഷിയും കൂടുതലായിട്ടുണ്ട്. ഇതുകൂടാതെ പുരയിടത്തിൽ പടുതാക്കുളം നിർമ്മിച്ച് മീനും വളർത്തുന്നുണ്ട്. 400 ഫിലോപ്പിയ മീൻ കുഞ്ഞുങ്ങളാണ് കുളത്തിൽ വളരുന്നത്. ഇവ വളരുന്നത് കാണുമ്പോൾ പ്രായാധിക്യം തന്നെയും ഭാര്യയെയും ബാധിക്കാത്തതെന്നാണ് തോമസുചേട്ടൻ പറയുന്നത്.

പ്രായം 70 കഴിഞ്ഞെങ്കിലും ഇപ്പോഴും പുരയിടം കിളയ്ക്കുന്നതും കൃഷി ഇറക്കുന്നതും ഫലം പറിക്കുന്നതുമെല്ലാം ഇരുവരും ചേർന്നാണ്. സഹായത്തിനായി പോലും ആരെയും വിളിക്കാറില്ല. എല്ലാം തനിച്ച് ചെയ്യുമ്പോൾ അതിൽനിന്നും ലഭിക്കുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ സാധിക്കില്ലെന്നാണ് തോമസ് പറയുന്നത്. അതുതന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യവും.

പ്രമേഹ രോഗത്തിനുള്ള മാഗോ ദേവിന്റെ കുരുവിന് കിലോഗ്രാമിന് 8,000 രൂപ വിലയുണ്ട്. ഇതിൽനിന്ന് നല്ല ആദായം ലഭിക്കുന്നുണ്ട്. വീട്ടുമുറ്റത്ത് പടർന്ന് പന്തലിച്ച് നിൽക്കുന്ന റംബുട്ടാനിൽ നിന്നും കഴിഞ്ഞവർഷം 15,000 രൂപ ലഭിച്ചു. രണ്ടംഗ കുടുംബത്തിന് ഈ ആദായം തന്നെ ജീവിക്കാൻ അധികമാണെന്നാണ് സൂസൻ പറയുന്നത്. ഏക മകൻ കിരൺ കുടുംബ സമേതം ദുബായിലാണ്. കൃഷിയെ സ്നേഹിച്ച് ഭൂമിയോട് മല്ലടിച്ചാൽ ജീവിത സായാഹ്‌നത്തിൽ അവശതകളോട് മല്ലടിക്കേണ്ടിവരില്ലെന്ന് കാട്ടിത്തരുകയാണ് തോമസും സൂസനും.