ചങ്ങനശേരി: ചങ്ങനാശേരി നഗരത്തിലും സമീപ പ്രദേശങ്ങളിലും തീപിടിത്തം പതിവാകുന്നു. കാരണം കണ്ടുപിടിക്കാൻ നടത്തിയ അന്വേഷണം ചെന്നെത്തിയത് വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന കണക്ഷൻ കേബിളുകളിലാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് ജംഗ്ഷൻ, ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ മറ്റം ഭാഗത്ത് റിസ്‌വൻ അപ്പാർട്ട്‌മെന്റിനു സമീപം, മാർക്കറ്റ് റോഡിൽ വെട്ടിത്തുരുത്ത് ഭാഗത്ത്, പെരുന്ന റോഡ് എന്നിങ്ങനെ നാലിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. ചങ്ങനാശേരി അഗ്‌നിശമന സേന അംഗങ്ങൾ എത്തിയാണ് നാലിടത്തും തീ അണച്ചത്. പോസ്റ്റുകളിലെ കേബിളുകളും മറ്റ് കണക്ഷൻ കേബിളുകളും പൂർണ്ണമായും കത്തി നശിച്ചു. തീ പടർന്നു പിടിക്കാതിരുന്നതും റോഡിലേയ്ക്കും മറ്റും വീഴാതിരുന്നതും വൈദ്യുതി പോസ്റ്റുകൾക്ക് താഴെയായി യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.
കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ എല്ലാ വൈദ്യുതി പോസ്റ്റുകളിലും അടുത്തയിടെ ബോക്‌സുകൾ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ചിരിക്കുന്ന ഈ ബോക്‌സുകളിൽ ഷോർട് സർക്യൂട്ട് ഉണ്ടാകുന്നതാവാം തീപിടുത്തത്തിന് ഇടയാക്കുന്നതെന്നാണ് അഗ്‌നിശമന സേന ഉദ്യോഗസ്ഥർ പറയുന്നത്. തുടർച്ചയായി നഗരത്തിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിട്ടുള്ള വൈദ്യുതി പോസ്റ്റുകളിലെ തീപിടുത്തം ഉണ്ടാകുന്നതിന് കാരണം ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ബോക്‌സുകൾ കത്തുന്നതാണ്.
മാസങ്ങൾക്ക് മുൻപും സമാന രീതിയിൽ മണിക്കൂറുകൾ വ്യത്യാസത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടുത്തം ഉണ്ടായിരുന്നു. ഇലക്ട്രിക് പോസ്റ്റുകളിൽ തുടർച്ചയായി തീപിടുത്തം ഉണ്ടാകുന്നത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുളവാക്കുന്നുണ്ട്. തീപിടിത്തങ്ങൾ ഒഴിവാക്കുന്നതിനായുള്ള നടപടികൾ കെ.എസ്.ഇ.ബി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുതി പോസ്റ്റുകളിൽ തീപിടിത്തം വർദ്ധിക്കുന്നത് പുതുതായി സ്ഥാപിച്ച ബോക്‌സുകളിൽ നിന്നുമാണെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥർ പറയുന്നു.
കണക്ഷൻ ബോക്‌സുകളിൽ നിരവധി കേബിളുകളുണ്ട്. ഈ കേബിളുകളിൽ സംഭവിക്കാവുന്ന ലൂസ് കോൺടാക്ടും ബോക്‌സുകളിൽ മഴവെള്ളം ഇറങ്ങിയതുമാവാം തീപിടിത്തതിന് ഇടയാക്കുന്നത്. സ്ഥാപിച്ചിരിക്കുന്ന എല്ലാ ബോക്‌സുകളും ഒരുപോലെ മാറ്റുക എന്നത് പ്രയാസകരമാണ്. അതിനാൽ കത്തി നശിക്കുന്ന ബോക്‌സുകൾ യഥാസമയം മാറ്റി പുതിയവ സ്ഥാപിക്കുന്നുണ്ട്.
എ.ഇ.ഒ
ചങ്ങനാശേരി കെ.എസ്.ഇ.ബി സെക്ഷൻ