construction

കോട്ടയം: സിമന്റിന് വിലവർദ്ധിച്ചതിനെ തുടർന്ന് നിർമ്മാണ മേഖല പ്രതിസന്ധിയിൽ. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ ഏഴു മാസക്കാലമായി നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. മുൻപ് സിമന്റിന് ക്ഷാമം നേരിട്ടിരുന്നെങ്കിലും ഇപ്പോൾ വില വർദ്ധനയാണ് ഇരുട്ടടിയായത്. മികച്ച ബ്രാൻഡുകളായ അൽട്രാടെക്, ശങ്കർ സിമിന്റ് എന്നിവയ്ക് ചാക്കിന് 60 രൂപയാണ് ഒറ്റയടിക്ക് വില വർദ്ധിപ്പിച്ചത്.

അൾട്രാടെക്, ശങ്കർ, എസിസി, രാംകോ, ഇന്ത്യ സിമിന്റസ് തുടങ്ങിയ സിമിന്റിന് ഒരു ചാക്കിന് 380 രൂപയായിരുന്നു വില. ഇതാണ് ഇപ്പോൾ 440 രൂപയായി വർദ്ധിപ്പിച്ചത്. കുറഞ്ഞ വിലയുള്ള സിമന്റിന്റെയും വില കൂട്ടി. 330-340 വിലയുണ്ടായിരുന്ന സിമന്റ് ഇപ്പോൾ 410-420 രൂപ വരെയാണ് ഒരു ചാക്കിന് നൽകേണ്ടത്.

നിർമ്മാണ മേഖലയ്ക്ക് ആവശ്യമായ തൊണ്ണൂറു ശതമാനം സിമന്റും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. എ, ബി കാറ്റഗറി സിമന്റ് തമിഴ്നാട്ടിൽ നിന്നാണ് വരുത്തുന്നത്. ബാക്കി ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങലിൽ നിന്നെത്തുന്നവയാണ്. ഇടനിലക്കാർക്ക് കമ്പനികൾ കമ്മീഷൻ നൽകാത്തത് മൂലം സിമന്റ് എടുക്കാൻ അവർ തയ്യാറാകുന്നില്ല. കമ്പനികൾ ഉത്പാദനം കുറച്ച് കൃത്രിമക്ഷാമം ഉണ്ടാക്കി വില വർദ്ധിപ്പിക്കുകയാണ് എന്നും ആരോപണമുണ്ട്. കേരളത്തിൽ മാത്രമാണ് സിമന്റ് കമ്പനികൾ വിലവർദ്ധിപ്പിച്ച് പകൽക്കൊള്ള നടത്തുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല.

സിമന്റ് ചെറുകച്ചവടക്കാരെ തകർക്കുകയെന്നതാണ് കമ്പനികളുടെ ലക്ഷ്യം. സംസ്ഥാനത്ത് സിമന്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.

ലെൻസ്‌ഫെഡ് ജില്ലാ സെക്രട്ടറി സതീഷ് കുമാർ