pj

 ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ്

 കോട്ടയത്ത് കോൺഗ്രസിൽ പൊട്ടിത്തെറി

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജില്ലയിലുള്ള സ്വാധീനത്തിലും കൂടുതൽ സീറ്റ് നൽകുന്നതിനെതിരെ കോട്ടയത്ത് കോൺഗ്രസിൽ പൊട്ടിത്തെറി . ജോസ് വിഭാഗത്തിന്റെയത്ര ജനപിന്തുണയില്ലാത്ത ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ ഒമ്പതു സീറ്റ് നൽകിയ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുത്ത യോഗത്തിലാണ് രൂക്ഷ വിമർശനവും വാക് പോരും നടന്നത്. ഒരു കെ.പി.സി.സി സെക്രട്ടറി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. ജോസ് വിഭാഗത്തെ പുറത്താക്കിയിട്ട് ജോസഫ് വിഭാഗത്തെ ഒപ്പം കൂട്ടിയതിനെ " കറക്കുന്ന പശുവിനെ വിറ്റ് അറക്കുന്ന കാളയെ വാങ്ങിയ അവസ്ഥയിൽ യു.ഡി.എഫ് എത്തിയെന്നായിരുന്നു വിമർശനം. 50 വർഷത്തിലേറെയായി കേരളാ കോൺഗ്രസിനുവേണ്ടി പോസ്റ്ററൊട്ടിച്ചുനടന്ന കോൺഗ്രസ് പ്രവർത്തകരെ നേതൃത്വം ജോസഫിന്റെ കാൽക്കൽ അടിയറ വച്ചെന്ന് ബ്ലോക്ക് പ്രസിഡന്റുമാർ വിമർശിച്ചു. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രം ജയിച്ച ജോസഫ് വിഭാഗത്തിന് ഒമ്പത് സീറ്റ് നൽകുന്ന പത്രസമ്മേളനം ജില്ലാ കോൺഗ്രസ് നേതാക്കൾ നടത്തിയതിന് ശേഷമായിരുന്നു മുല്ലപ്പള്ളി പങ്കെടുത്ത ഡി.സി.സി നേതൃയോഗം ചേർന്നത്.

മൂന്നിനു പകരം ജോസഫിന് കൊടുത്തത് ഒൻപത്!

"കോട്ടയത്ത് കോൺഗ്രസിനെ വളർത്താനാണെന്നുപറഞ്ഞ് ജനപിന്തുണയുള്ള ജോസ് വിഭാഗത്തെ പുറത്താക്കിയിട്ട് അഞ്ഞൂറു പ്രവർത്തകർ തികച്ചില്ലാത്ത ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ ഒമ്പത് സീറ്റുകൾ തീറെഴുതിക്കൊടുത്തത് ആരുടെ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണെന്ന് യോഗത്തിൽ മുതിർന്ന നേതാക്കളും ബ്ളോക്ക് പ്രസിഡനന്റുമാരും തുറന്നടിച്ചു. പരമാവധി മൂന്ന് സീറ്റ്‌ നൽകേണ്ടിടത്ത് ഒമ്പത് സീറ്റ് നൽകിയത് നിയമസഭാ സീറ്റ് മോഹികളായ ഉന്നത നേതാക്കൾക്ക് ചില മണ്ഡലങ്ങളിൽ ജോസഫ് വിഭാഗം പിന്തുണ ഉറപ്പിക്കാനാണ്. 60 വയസിൽ താഴെയുള്ള ജില്ലാ നേതാക്കൾക്ക് തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള അവസരം പോലും ഇതുവഴി ഇല്ലാതാക്കി. പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരായി പ്രവർത്തിച്ച ജോസഫ് വിഭാഗത്തിനു വേണ്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്ററൊട്ടിക്കാനും വോട്ടുപിടിക്കാനും പോകേണ്ട അവസ്ഥയാണ് പാലായിലെ കോൺഗ്രസുകാർക്ക്. കോൺഗ്രസുകാർ 50 വർഷം വോട്ടുചെയ്ത പാർട്ടി ഇന്ന് മുന്നണിയിലില്ല. 20 വർഷം ഇടതുമുന്നണിയിൽ അട്ടിപ്പേറ് കിടന്നിട്ട് ആകാശത്തും ഭൂമിയിലും കൊള്ളരുതായ്മകൾ കാണിച്ച് പുറത്തായി യു.ഡി.എഫിൽ വന്നവർക്കുവേണ്ടി വീണ്ടും വെള്ളം കോരണമെന്നാണോ നേതൃത്വം പറയുന്നത്. ജോസ് യു.ഡി.എഫ് വിട്ട് പോയതോടെ ജോസഫ് ഗ്രൂപ്പിലേയ്ക്ക് ആളെ കൂട്ടാൻ ഓടി നടന്ന നേതാക്കൾ ആ ആത്മാർത്ഥത സ്വന്തം പാർട്ടിയോ‍ട് കാണിച്ചിരുന്നെങ്കിൽ കോട്ടയത്ത് കോൺഗ്രസിന് ഈ ഗതി വരില്ലായിരുന്നു.