cherinchuvadu-bridge

വൈക്കം : കാഴ്ചമറച്ച് പാഴ്‌ച്ചെടികൾ നിറഞ്ഞതോടെ ചേരുംചുവട് പാലം യാത്രക്കാർക്ക് അപകടഭീതിയുണർത്തുന്നു. വൈക്കം - വെച്ചൂർ റോഡിലെ പ്രധാനപാലമായ ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നു പോകുന്നത്. വീതി കുറഞ്ഞ പാലത്തിന്റെ ഇരുകരകകളിലും കു​റ്റിച്ചെടികൾ നിൽക്കുന്നതിനാൽ വാഹനങ്ങൾ പാലത്തിലേയ്ക്ക് കയറി കഴിഞ്ഞാലേ എതിർദിശയിൽ നിന്നുവരുന്ന വാഹനം കാണാൻ കഴിയൂ. പാലത്തിന്റെ ഇരുകരകളുമായി ബന്ധപ്പെട്ടു നാൽക്കവലയുള്ളതിനാൽ ഇവിടം അപകടമേഖലയാണ്. രാത്രി കാലങ്ങളിൽ പരിചയമില്ലാത്തവർ വൈക്കം - വെച്ചൂർ റോഡിലേയ്ക്കു കടക്കാൻ പാലത്തിലേയ്ക്കു കയറി ഇടതുവശത്തേക്കു തിരിഞ്ഞു പോകാതെ നേരെയുള്ള ചെമ്മനത്തുകര റോഡിലേക്കു പോകുന്നതും വലിയ അപകടത്തിനാണ് ഇടയാക്കുന്നത്.

അപകടം തുടർക്കഥ

ഏതാനും മാസങ്ങൾക്കു മുമ്പ് എറണാകുളത്ത് നിന്ന് ചേർത്തല വേളോർവട്ടത്ത് ക്ഷേത്ര ദർശനത്തിന് പോയ കുടുംബം സഞ്ചരിച്ച കാർ പാലം കടന്ന് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന നാലുപേരും മരിച്ചിരുന്നു. ഇതിന് മുൻപും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അപകട സാദ്ധ്യത ഒഴിവാക്കാൻ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കു​റ്റിച്ചെടികളും പടർപ്പും വെട്ടി നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.