കോട്ടയം: കൊവിഡിന്റെ വിരസതയിൽ ജന്മമെടുത്ത വരികൾ കാവ്യസമാഹാരമാക്കി ഡോ. സംഗീത് രവീന്ദ്രൻ . കവിതയെ സമ്പ്രദായ നിർവചനങ്ങളിൽ ഒതുക്കുന്ന പ്രവണതക്കെതിരെയുള്ള കലാപമാണ് ഉറുമ്പുപാലം എന്ന കവിതാ സമാഹാരമെന്ന് ഈ യുവഅദ്ധ്യാപകൻ പറയുന്നു.
മൂന്നാഴ്ച കൊണ്ട് രചിച്ച 89 ഗദ്യകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ' നിന്റെ മധുരത്തിലേക്ക് പോകുന്ന ഉറുമ്പുപാലം നോക്കി ഞാൻ ഒരേയിരിപ്പായിരുന്നു ' (ഉറുമ്പുപാലം) ഇതു പോലെ നാലും അഞ്ചും വരികളിൽ അവസാനിക്കുന്നവയാണ് കവിതകളെല്ലാം. ഇതേ ആവിഷ്‌ക്കാര ചട്ടക്കൂടാണ് മറ്റ് കവിതകളിലുമുള്ളത്.
കോഴിക്കോട് വേദ ബുക്‌സ് പ്രസിദ്ധീകരിച്ച സമാഹാരത്തിന്റെ പ്രകാശനം യുടൂബ് ചാനലിൽ നടന്നു. കവി പി.പി ശ്രീധരനുണ്ണി സാഹിത്യകാരൻ ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിച്ചു. പാലായിൽ എൻ.രവീന്ദ്രൻ- സരോജിനിയമ്മ ദമ്പതികളുടെ മകനായ സംഗീത് നേരത്തെ മാദ്ധ്യമ പ്രവർത്തകനായിരുന്നു. ഇപ്പോൾ പാലക്കാട് പഴമ്പാലക്കോട് ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനാണ്.