പാലാ : ജില്ലാപഞ്ചായത്ത് ജില്ലയിലെ മറ്റ് തദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന കാൻസർ പ്രതിരോധ പദ്ധതിയായ 'കാൻ കോട്ടയം ഫിറ്റ് കോട്ടയം' പ്രോജക്ടിന്റെ ഭാഗമായി പാലാ ജനറൽ ആശുപത്രിയിൽ കൊബാൾട്ട് റേഡിയേഷൻ മെഷീൻ സ്ഥാപിക്കും. നിരവധി രോഗികളാണ് ഇവിടെ കാൻസർ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, അംഗങ്ങളായ പെണ്ണമ്മ ജോസഫ്,ബെറ്റി റോയി എന്നിവർ പറഞ്ഞു. ഒരുകോടി 35 ലക്ഷം രൂപ ചെലവ് വരുന്ന മെഷീൻ സ്ഥാപിക്കുന്നതോടെ ജില്ലയിൽ കാൻസർ ചികിത്സാരംഗത്ത് വലിയ നേട്ടമാവും. നിലവിൽ കോട്ടയം മെഡിക്കൽകോളേജാശുപത്രിയിൽ മാത്രമാണ് റേഡിയേഷൻ ചികിത്സാ സൗകര്യം ലഭ്യമായിട്ടുളളത്. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിലും, കോട്ടയം മെഡിക്കൽ കോളജിലും റേഡിയേഷൻ ചികിത്സ തേടുന്ന നിരവധിപ്പേർക്ക് പാലാ ജനറലാശുപത്രിയിൽ മെഷീനെത്തുന്നതോടെ ആശ്വാസമാകും. രോഗികളുടെ ആവശ്യപ്രകാരം ജോസ് കെ. മാണി എം.പിയുടെ നിർദേശപ്രകാരമാണ് പദ്ധതിക്ക് രൂപം നൽകി അംഗീകരിച്ചത്. കേന്ദ്ര അണുശക്തിവകുപ്പും ഉപകരണങ്ങൾക്കായി തുക വാഗ്ദാനം
ചെയ്തിട്ടുള്ളതായി ജോസ് കെ. മാണി അറിയിച്ചു. റേഡിയേഷൻ സുരക്ഷാസംവിധാനമുള്ള കെട്ടിട സൗകര്യം ഉറപ്പാക്കിയാലേ ഈ തുക കൂടി ലഭ്യമാവുകയുള്ളൂ. റേഡിയേഷൻ ഒഴികെയുള്ള എല്ലാവിധ കാൻസർചികിത്സയും ഓങ്കോളജിസ്റ്റ് ഡോ. പി.എസ് ശബരീനാഥിന്റെ നേതൃത്വത്തിൽ ഇവിടെ നൽകിവരുന്നുണ്ട്.