nisha

ഈരാറ്റുപേട്ട: ഏതു മുന്നണി ജയിച്ചാലും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 12ാം വാർഡായ കടലാടി മറ്റത്ത് മെമ്പറാവുന്നത് നിഷയായിരിക്കും. നോമിനേഷൻ പോലും കൊടുക്കുന്നതിനു മുൻപ് എങ്ങിനെ ഇത്ര കൃത്യമായി പ്രവചനം നടത്താൻ കഴിയുന്നുവെന്നു ചോദിച്ചാൽ അതിനുത്തരം മൂന്നു മുന്നണിയിലെയും സ്ഥാനാർത്ഥികൾ നിഷമാരാണെന്നതാണ്.!
എൽ.ഡി.എഫ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ അങ്കത്തിനിറക്കിയിരിക്കുന്നത് നിഷ സാനുവിനെയാണെങ്കിൽ, യു.ഡി.എഫ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കുന്നത് നിഷ ഷാജിയെയാണ്. എൻ.ഡി.എ.താമര ചിഹ്നത്തിൽ കളത്തിലിറക്കിയിരിക്കുന്നത് നിഷ വിജിമോനെയും. നിഷാ സാനു പനയ്ക്കപ്പാലം വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുൻ അദ്ധ്യാപികയാണ്. നിഷാ ഷാജി റിട്ട. അദ്ധ്യാപികയും നിഷാ വിജിമോൻ ഗ്രാഫിക് ഡിസൈനറുമാണ്. പഞ്ചായത്ത് രൂപീകൃതമായതു മുതൽ ഇടതുപക്ഷം കൈയടക്കി വച്ചിരുന്ന ഈ വാർഡിൽ 2005 ൽ യു. ഡി.എഫാണ് വെന്നിക്കൊടി പാറിച്ചത്. ജനപക്ഷത്തിന്റെ ഓമന ഭാസി കൂടി മൽസര രംഗത്തുണ്ടെങ്കിലും ഡിസംബർ 16 വരെ കാത്തിരിക്കാതെ കടലാടിമറ്റംകാർ ഒന്നുറപ്പിച്ചു: ഞങ്ങളുടെ മെമ്പർ നിഷ തന്നെ.