കോട്ടയം: വിവാദങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും നടുവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഒന്നേകാൽ വർഷത്തെ കർത്തവ്യനിർവഹണത്തിന് ശേഷം ഇന്ന് പദവിയൊഴിയുന്നു. ജില്ലാ ഭരണ സംവിധാനത്തെ ഏകോപിച്ച് എല്ലാ മേഖലകളിലും വികസനപദ്ധതികൾ നടപ്പാക്കാനായെന്നതാണ് നേട്ടം. ഏറെ വെല്ലുവിളി നിറഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു പതിറ്റാണ്ടിന്റെ വികസനപദ്ധതികളാണ് കോട്ടയം ജില്ലയിൽ കാഴ്ചവയ്ക്കാനായത്. പ്രളയം, കൊവിഡ്, ലോക്ക് ഡൗൺ, സാമ്പത്തിക മാന്ദ്യം തുടങ്ങിയവ തരണം ചെയ്ത് എല്ലാ മേഖലകളിലും ആശ്വാസമെത്തിക്കാൻ കഴിഞ്ഞു. 100 കോടിയിലധികം രൂപയ്ക്കുള്ള വികസന - ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജില്ലയെ മാലിന്യവിമുക്തമാക്കാൻ ക്ലീൻ കോട്ടയം-ഗ്രീൻ കോട്ടയം പദ്ധതിക്ക് തുടക്കം കുറിച്ചു. കേന്ദ്രഗവൺമെന്റ് ഏർപ്പെടുത്തിയ ജലസംരക്ഷണ അവാർഡിന് ജില്ല അർഹമായി. ദേവികാസാന്ത്വനം എന്ന പേരിൽ ഒരു കോടി രൂപ ചെലവഴിച്ച് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു. ജില്ലയെ കാൻസർ വിമുക്തമാക്കാൻ ക്യാൻ കോട്ടയം-ഫിറ്റ് കോട്ടയം നടപ്പിലാക്കി. 2.30 കോടി ചിലവഴിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ സ്തനാർബുദ നിർണയ ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽ 219 കോടി രൂപ ചെലവിൽ 10 നിലകളിൽ കെട്ടിട സമുച്ചയം നിർമിക്കാൻ ഭരണാനുമതി നേടിയെടുത്തു. ലൈഫ് മിഷന്‍ മൂന്നു ഘട്ടങ്ങളിലായി അയ്യായിരത്തോളം വീടുകൾ പൂർത്തീകരിച്ചു. 2.75 കോടി രൂപ ചെലവഴിച്ച് ജില്ലാ ഹോമിയോ ആശുപത്രി മന്ദിരം തീർത്തു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതായി അദ്ദേഹം പറഞ്ഞു.