കട്ടപ്പന: ലാപ്‌ടോപ്പ് ഹാക്ക് വീഡിയോ ഫയൽ ചോർത്തി . ഇരട്ടയാർ നോർത്ത് നന്ത്യാട്ട് സെബിൻ ഏബ്രഹാം, വീഡിയോ ഫയലുകൾ കോപ്പി ചെയ്യാനായി സുഹൃത്തിന്റെ പക്കൽ നിന്നു വാങ്ങിയ ലാപ്‌ടോപ്പിലാണ് ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം. 980 ഡോളർ നൽകിയാൽ വിവരങ്ങൾ തിരിച്ചുനൽകാമെന്നാണ് ഹാക്കർമാരുടെ വാഗ്ദാനം. മെമ്മറി കാർഡ് കണക്ട് ചെയ്തശേഷം ലാപ്‌ടോപ്പിൽ ഇന്റർനെറ്റ് ഓൺ ആക്കിയപ്പോൾ ഒരു ഫയൽ തനിയെ ഡൗൺലോഡായി മറ്റു ഫയലുകൾ നഷ്ടമാകുകയുമായിരുന്നു.
വി.പി.എച്ച്.എസ്. ഫോർമാറ്റിലേക്കാണ് ഫയലുകൾ മാറിയത്. ഇതിനൊപ്പം ലഭിച്ച അറിയിപ്പിൽ ആദ്യം 80 ഡോളർ നൽകിയാൽ ഫയലുകൾ മടക്കി നൽകാമെന്നായിരുന്നു ഹാക്കർമാരുടെ വാഗ്ദാനം. പിന്നീട് ഓരോ മണിക്കൂറിലും തുക വർദ്ധിപ്പിക്കുകയായിരുന്നു. ഒടുവിൽ 72 മണിക്കൂറിനുള്ളിൽ പണം നൽകിയാൽ 980 ഡോളർ നൽകിയാൽ വിവരങ്ങൾ തിരിച്ചുനൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒരുദിവസത്തിനുശേഷവും പണം നൽകാതെ വന്നതോടെ തിങ്കളാഴ്ചയും ഹാക്കർമാരുടെ ഇടപെടൽ ഉണ്ടായിരുന്നു. വിൻഡോസ്10 ഇൻസ്റ്റാൾ ചെയ്തിരുന്ന ലാപ്‌ടോപ്പിൽ വീണ്ടും ഇതേ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തായിരുന്നു ഹാക്കർമാരുടെ ആക്രമണം. ഇതോടെ മറ്റു ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ ഒന്നും ലാപ്‌ടോപ്പിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല. ലാപ്‌ടോപ് ഓഫാക്കി വച്ചിരിക്കുമ്പോഴായിരുന്നു ഈ നടപടി.