പാലാ : വിളക്കുമാടത്ത് പുറമ്പോക്കിലെ തടിമോഷണത്തിന് പിന്നാലെ മീനച്ചിൽ പഞ്ചായത്ത് വക ഭൂമിയിൽ നിന്ന് വീണ്ടും തടിമോഷണം. ചാത്തൻകുളത്ത് ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വനിതാ വിശ്രമകേന്ദ്രം നിർമ്മിക്കാനായി നീക്കിയിട്ടിരുന്ന പഞ്ചായത്ത് ഭൂമിയിൽനിന്ന് രണ്ട് തേക്കുമരങ്ങൾ വെട്ടിയതായാണ് കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.സുശീൽ സ്ഥലം സന്ദർശിച്ച് മേൽനടപടികൾക്ക് നിർദ്ദേശം നൽകി. ഉദ്ദേശം നാൽപ്പതിനായിരത്തോളം വിലമതിക്കുന്ന രണ്ട് തേക്കുകളാണ് വെട്ടിമറിച്ചിട്ടിരിക്കുന്നത്. രണ്ട് തടിമോഷണങ്ങൾക്ക് പിന്നിലും ഒരേ തടിവ്യാപാരിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. മേട ഭാഗത്ത് പുറമ്പോക്കിൽ നിന്ന തേക്കിൻതടി ചെറിയ കഷണങ്ങളാക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. സമീപദിവസങ്ങളിൽ 3 തടിമോഷണ സംഭവങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്.

ചെമ്പകശേരിപ്പടിയ്ക്കു സമീപം തോട്ടുപുറമ്പോക്കിൽ നിന്ന ഉദ്ദേശം മുപ്പതിനായിരത്തോളം രൂപ വിലവരുന്ന ആഞ്ഞിലി മുറിച്ചിടുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. സംഭവത്തിൽ പാലാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.