കുമരകം : ചുഴലിക്കാറ്റിലെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായില്ല. വിവിധ മേഖലയിലെ വിവരശേഖരണം ഇന്നലെയും തുടർന്നു. അവസാന വിവരം അനുസരിച്ച് അയ്മനത്ത് 4 വീടുകൾ പൂർണമായും 136 വീടുകൾ ഭാഗികമായും തകർന്നു. പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഷാജി ഒളവക്കിരിച്ചിറ, രജിമോൻ രാഹുൽഭവൻ, സന്തോഷ് കുന്നത്ത്ച്ചിറ എന്നിവരുടെ വീടുകളാണ് പൂർണ്ണമായി തകർന്നത്. കുമരകം പഞ്ചായത്തിൽ ആകെ 65 വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. കാറ്റിൽ നെൽ കതിർ ചാഞ്ഞ് വീണ വട്ടക്കായൽ തട്ടേൽ പാടശേഖരത്തിലെ വെള്ളം പുറത്തേക്ക് കളയുന്ന ജോലി ഇന്നും തുടരുകയാണ്. വൈദ്യുതിയുടെ അഭാവത്തിൽ ഇന്ധനം ഉപയോഗിച്ചാണ് മോട്ടോർ പ്രവർത്തിപ്പിക്കുന്നത്. വൈദ്യുതി പൂർവസ്ഥിതിയിൽ എത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. 65കരാർ തൊഴിലാളികൾ ഉൾപ്പെടെ നൂറോളം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. ചീപ്പുങ്കൽ ഫീഡർ മുതൽ കവണാറ്റിൻകര പേൾസ്പോട്ട് വരെ ഇന്നലെ വൈദ്യുതി പുന:സ്ഥാപിച്ചു. ഉൾപ്രദേശങ്ങളിലെ തകർന്ന പോസ്റ്റുകൾ ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. വിരുപ്പുകാല ഭാഗങ്ങളിൽ വൈദ്യുതി ലഭ്യമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വയലുകളിലൂടെ കടന്നുപോകുന്ന തകരാറിലായ വൈദ്യുതിലൈൻ മാറ്റി സ്ഥാപിക്കാൻ കർഷകരുടെ സഹകരണം ഇലക്ട്രിസിറ്റി ബോർഡ് തേടുന്നുണ്ട്. കാറ്റിൽ തകർന്ന195 പോസ്റ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. ഇവയുടെ ലഭ്യത കുറവാണ് പ്രശ്നം.