ചങ്ങനാശേരി: ഇത്തിത്താനം ചാലച്ചിറ തോടിനു വശങ്ങളിലെ വീട്ടമ്മമാരുടെ ശുദ്ധജനത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. ഇവിടെയുള്ള 14 കുടുംബങ്ങളാണ് ശുദ്ധജലത്തിനായി കേഴുന്നത്. വീടിന് മുൻപിൽ തോടും പുറകിൽ തരിശുപാടവുമായതിനാൽ ഇവിടുത്തെ കിണർവെള്ളം ഉപയോഗശൂന്യമാണ്. ഇതുമൂലം കുടിവെള്ളം വർഷങ്ങളായി വിലയ്ക്കുവാങ്ങേണ്ട അവസ്ഥയാണ് ഇവർക്കുള്ളത്. മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽകാലത്ത് കടുത്തവരൾച്ചയും അനുഭവിക്കുന്ന ഈ പ്രദേശവാസികൾ വർഷം മുഴുവൻ കുടിനീരിനായി അലയേണ്ട ഗതികേടിലാണ്.
കുറിച്ചി ഗ്രാമപഞ്ചായത്തിൽ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന പ്രദേശംകൂടിയാണിത്. ഇത്തിത്താനം ശുദ്ധജല വിതരണസമിതിയുടെ ചാലച്ചിറ കുടിവെള്ളപദ്ധതി നിലച്ചിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഈ പദ്ധതി പുനർജീവിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ആവശ്യത്തിന് ഫണ്ട് ലഭ്യമായിട്ടില്ല. കുടിവെള്ളത്തിനായി കേന്ദ്രസംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയാണ് നാട്ടുകാർ.