കുറവിലങ്ങാട് : പൊതുകളി സ്ഥലമില്ലാതെ വോട്ട് തരില്ലെന്ന് മരങ്ങാട്ടുപിള്ളിയിലെ യുവാക്കൾ. പൊതുകളിസ്ഥലമായി ഉപയോഗിച്ചുകൊണ്ടിരുന്ന സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ട് അധികാരികൾ അടച്ചുപൂട്ടിയതോടെ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ പൊതുഗ്രൗണ്ട് വേണമെന്നാണ് യുവാക്കൾ ആവശ്യപ്പെടുന്നത്. ഫുഡ്ബോളും വോളിബോളും ഷട്ടിലും ക്രിക്കറ്റും തുടങ്ങി നാടൻ പന്തുകളി വരെ പ്രായഭേദമെന്യേ നടത്തിയിരുന്ന സ്ഥലമാണ്. കായിക രംഗത്ത് മികവ് തെളിയിച്ച ഒട്ടേറെ ആളുകൾ മരങ്ങാട്ടുപിള്ളിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പൊതുകളിസ്ഥലം എന്ന ആവശ്യം വലിയ ചർച്ചയാകുകയാണ്. സ്ഥലത്തിന്റെ ലഭ്യതക്കുറവും വർദ്ധിച്ച സ്ഥലവിലയുമാണ് തടസമെന്ന വാദം പല കോണുകളിലും ഉയർന്നു. എന്നാൽ അതൊന്നും യുവാക്കൾ മുഖവിലയ്ക്ക് എടുത്തിട്ടില്ല. പഞ്ചായത്തിന്റെ വിവിധ കോണുകളിൽ കളിസ്ഥലം ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡുകൾ ഉയർന്നിരിക്കുകയാണ്. #weneedpalyground എന്ന ഹാഷ്‌ടാഗ് കാമ്പയിൻ സോഷ്യൽ മീഡിയ വഴി നടക്കുന്നുണ്ട്. കളിസ്ഥലം എന്ന ആവശ്യത്തിന് വലിയ പ്രോത്സാഹനമാണ് ജനങ്ങൾ നൽകുന്നത്. മൊബൈൽ ഫോണിലേക്കും ലഹരി ഉപയോഗത്തിലേക്കും യുവ തലമുറയെ തള്ളിയിടാതിരിക്കാനും ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മാനസികവും കായികവുമായി കരുത്ത് പകരാനും കളിസ്ഥലം ഉപകാരപ്പെടുമെന്നാണ് ആളുകളുടെ വിലയിരുത്തൽ.