കോട്ടയം: കേരളത്തിലെ ടൂറിസ്റ്റ് സെന്ററുകൾ മെല്ലെ ഉണരുന്നു. തേക്കടിയിലേക്ക് ടൂറിസ്റ്റുകളുടെ പ്രവാഹമായി. ലോക്ക്ഡൗണിനെ തുടർന്ന് വിജനമായ ടൂറിസ്റ്റ് സെന്ററുകൾ ഉഷാറിലാവുന്നതോടെ ഹോട്ടലുകളിലെയും കടകളിലെയും ജീവനക്കാരുടെയും ഉടമകളുടെയും മനം തെളിയുന്നു. ദീപാവലിയ്ക്ക് കൂടുതൽ ടൂറിസ്റ്റുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
പ്രതിദിനം ഇപ്പോൾ ശരാശരി 250 ടൂറിസ്റ്റുകളാണ് എത്തുന്നത്. ഇത് 400ലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ദീപാവലി പ്രമാണിച്ച് തേക്കടിയിലെ ഹോട്ടലുകളിൽ കൂടുതലായി ബുക്കിംഗ് നടക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നാണ് കൂടുതൽ ബുക്കിംഗുകൾ എത്തിയിട്ടുള്ളത്. കൂടാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങിയിട്ടില്ല.
കാട്ടിലുള്ളവർ കൺവെട്ടത്ത്
ലോക്ക്ഡൗണിനെ തുടർന്ന് ആളനക്കമില്ലാതിരുന്ന തേക്കടി തടാകത്തിൽ കൂടുതൽ ആനകളും കാട്ടുപോത്തുകളും എത്തുന്നുണ്ട്. ബോട്ടിന്റെ ഇരമ്പൽ കേട്ടാലും ഇപ്പോൾ ഇക്കൂട്ടർ വനത്തിലേക്ക് ഉൾവലിയുന്നില്ലായെന്ന പ്രത്യേകതയും ഉണ്ട്. കലമാനും മ്ലാവും ഏതുസമയത്തും തടാകത്തിൽ തന്നെ ഉണ്ട്. കാട്ടുപന്നികളും കൂട്ടമായി തടാകത്തിനരികിൽ വിഹരിക്കുന്നത് കാണാൻ സാധിക്കും. ഏതുസമയവും ആനക്കൂട്ടം തടാകത്തിലുണ്ടാവുമെന്ന് ബോട്ടിലെ ജീവനക്കാർ പറയുന്നു.
സന്ദർശകർ കൂടുതലായി എത്തുമെന്ന പ്രതീക്ഷ കൈവന്നതോടെ ഒരു ബോട്ട് കൂടി സർവീസ് ആരംഭിക്കാൻ വനംവകുപ്പ് തീരുമാനിക്കുകയും ബുധനാഴ്ച മുതൽ ഒരു സർവീസ് കൂടി ആരംഭിക്കുകയും ചെയ്തു. രാവിലെ 11.15നാണ് പുതിയതായി ആരംഭിച്ച സർവീസ് നടത്തുന്നത്. രാവിലെ 7.30നും 9.30നും ബോട്ട് സർവീസ് ഉണ്ടാവും. ലോക്ക്ഡൗൺ കാലത്ത് ബോട്ട് സർവീസ് പാടേ നിർത്തലാക്കിയിരുന്നു. ടൂറിസ്റ്റ് സെന്ററുകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചതോടെ രണ്ട് സർവീസുകളാണ് തേക്കടി തടാകത്തിൽ ഏർപ്പെടുത്തിയിരുന്നത്. ഇപ്പോൾ സർവീസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം മൂന്നായി. തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന ശനി, ഞായർ ദിവസങ്ങളിൽ വനംവകുപ്പിന്റെ അഞ്ച് ബോട്ടുകളും സർവീസ് നടത്തുവാനുള്ള ആലോചന നടന്നുവരികയാണ്. അടച്ചിട്ടിരുന്ന പാർക്കിംഗ് ഏരിയയും തുറന്നുകൊടുത്തിട്ടുണ്ട്. ബോട്ട് സർവീസ് പരിമിതപ്പെടുത്തിയതോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയിരുന്നു. സന്ദർശകർ കൂടുതലായി എത്തിത്തുടങ്ങിയതോടെ നിരക്ക് പഴയപടിയിലാക്കാൻ ആലോചന നടന്നുവരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.