കോട്ടയം: വഴിയോര വിശ്രമ കേന്ദ്രമായ മണർകാട് 'നാലുമണിക്കാറ്റ് ' സജീവമാവുന്നു. കൊവിഡ് പടർന്നതോടെ അടച്ചുപൂട്ടിയ കേന്ദ്രം തിങ്കളാഴ്ച തുറക്കും. ഇതോടെ ഇവിടേക്ക് വാഹനങ്ങളുടെ പ്രവാഹമാവും. നിശബ്ദമായിരുന്ന നാലുമണിക്കാറ്റിൽ ഇനി കുട്ടികളുടെയും മുതിർന്നവരുടെയും ആരവമുയരും.
ഇവിടെ പ്രവർത്തിച്ചിരുന്ന നാട്ടുചന്ത തിങ്കളാഴ്ച തന്നെ ആരംഭിക്കും. ഒപ്പം ഭക്ഷണശാലകളും തുറക്കും. വായനശാലയും സജീവമാവും. ഊഞ്ഞാലിൽ കുട്ടികൾക്ക് ആടാനും സൗകര്യമുണ്ടാവും. ചുരുക്കത്തിൽ നാലുമണിക്കാറ്റ് ശബ്ദാനമാനമാവും. മണർകാട്-ഏറ്റുമാനൂർ ബൈപാസ് റോഡിലാണ് നാലുമണിക്കാറ്റ് വഴിയോര വിശ്രമകേന്ദ്രം സ്ഥിതിചെയ്യുന്നത്.
മാലിന്യക്കൂന നാലുമണിക്കാറ്റായത് ഇങ്ങനെ
കോട്ടയത്തും പരിസരത്തുമുള്ള നൂറു കണക്കിന് കുടുംബങ്ങളാണ് സായാഹ്നങ്ങളിൽ കുട്ടികളോടൊപ്പം ഉല്ലാസത്തിനായി ഇവിടെയെത്തുക. പ്രകൃതി രമണീയത തന്നെയാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകം. ഇരുവശത്തുമുള്ള പാടവും പച്ചപ്പും ഇളംകാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. മണർകാട് ജംഗ്ഷനിൽ നിന്നും ബൈപാസ് റോഡിൽ മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ നാലുമണിക്കാറ്റായി.
മാലിന്യം വലിച്ചെറിയുന്ന സ്ഥലമായിരുന്നു ഇവിടം. ഇത് വർദ്ധിച്ചതോടെയാണ് ഈ സ്ഥലം ശുചിയാക്കാൻ മണർകാട്-ഏറ്റുമാനൂർ ബൈപാസ് റസിഡന്റ്സ് അസോസിയേഷൻ രംഗത്ത് എത്തിയത്. അവിടം ശുചിയാക്കി 'മാലിന്യങ്ങൾ വലിച്ചെറിരുതെന്ന്'' ബോർഡും സ്ഥാപിച്ചു. പക്ഷേ, ആര് ബോർഡ് നോക്കാൻ. മാലിന്യം ഇവിടെ കുന്നുകൂടി. സഹികെട്ട നാട്ടുകാർ മാലിന്യം നിക്ഷേപം തടയുകയെന്ന ഉദ്ദേശത്തോടെ ഇവിടെ കാവൽ ഏർപ്പെടുത്തി. കാവലിരിക്കാൻ ബഞ്ചുകളും സ്ഥാപിച്ചു. ഒപ്പം ചെടികളും വൃക്ഷതൈകളും റോഡരികിൽ നട്ടുവളർത്തി. ഇത് വളർന്നതോടെ ബൈപ്പാസ് റോഡിൽ സഞ്ചരിച്ചിരുന്നവർ വിശ്രമത്തിനായി വാഹനങ്ങൾ നിർത്തി പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. വാഹനങ്ങൾ നിർത്തിയതോടെ പെട്ടിക്കടകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ ഇതൊരു വഴിയോര വിശ്രമകേന്ദ്രമായി മാറുകയായിരുന്നു.
ടൂറിസ്റ്റ് വകുപ്പിന്റെ ഡെസ്റ്റിനേഷൻ സെറ്റിൽ ഉൾപ്പെടുത്തിയതോടെ നാലുമണിക്കാറ്റിന്റെ വളർച്ച പെട്ടന്നായിരുന്നു. പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ ഇൻഫർമേഷൻ സെൻട്രൽ ഉടൻ ഇവിടെ പ്രവർത്തനം തുടങ്ങുമെന്ന് നാലുമണിക്കാറ്റിന്റെ മുഖ്യ സംഘാടകനായ ഡോ.പുന്നൻ കുര്യൻ വ്യക്തമാക്കി. കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമായി ടോയ്ലറ്റ് സൗകര്യവും ഉടൻ ഏർപ്പെടുത്തും. റോഡിന്റെ ഇരുവശത്തുമായി തരിശ് കിടക്കുന്ന 12 ഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കാനും തീരുമാനമായിട്ടുണ്ട്.