കട്ടപ്പന: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുവർഷക്കാലം നടപ്പാക്കിയ വികസന പദ്ധതികളുടെ പിൻബലത്തിൽ ഭരണം നിലനിർത്താമെന്ന ഉറച്ചവിശ്വാസത്തിലാണ് എൽ.ഡി.എഫ്. എന്നാൽ പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും ചികിത്സ ധനസഹായം ഉൾപ്പെടെയുള്ളവ നിലച്ചതും ഭരണസമിതിയുടെ വീഴ്ചകളായി ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പിൽ നേരിടുന്നത്. 1995ലാണ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്. രൂപീകൃതമായശേഷം രണ്ടു തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ ഒരു പതിറ്റാണ്ടോളം യു.ഡി.എഫ്. ഭരണം കൈയാളി. 2005ലാണ് ആദ്യമായി എൽ.ഡി.എഫ്. അധികാരത്തിലെത്തുന്നത്. 2010ൽ വീണ്ടും യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു. 2015ൽ ഇപ്പോഴത്തെ എൽ.ഡി.എഫ്. ഭരണസമിതി മികച്ച വിജയത്തോടെ ഭരണത്തിലെത്തി. ഇത്തവണ പ്രസിഡന്റ് പദം ജനറൽ വിഭാഗത്തിനാണ്.
അയ്യപ്പൻകോവിൽ പഞ്ചായത്ത്
തെരഞ്ഞെടുപ്പിൽ രണ്ടു തവണ ടൈ ആയപ്പോൾ നറുക്കെടുപ്പിലൂടെ ഭരണസമിതികളെ തെരഞ്ഞെടുത്ത പ്രത്യേകതയുണ്ട്.2000-2005 കാലഘട്ടത്തിലാണ് ആദ്യമായി ഇരുമുന്നണികൾക്കും തുല്യ ജനപ്രതിനിധികൾ വിജയിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെ യു.ഡി.എഫ്. അധികാരത്തിലെത്തി. നിലവിലെ എൽ.ഡി.എഫ്. ഭരണസമിതിയും നറുക്കെടുപ്പിലൂടെയാണ് ഭരണം നേടിയത്. ഇരുമുന്നണികൾക്കും ആറു വീതം അംഗങ്ങളും ഒരു ബി.ജെ.പി. അംഗവുമാണ് ഉണ്ടായിരുന്നത്. സി.പി.എം. പ്രതിനിധി എ.എൽ.ബാബു പ്രസിഡന്റും സി.പി.ഐ. പ്രതിനിധി നിഷാമോൾ ബിനോജ് വൈസ് പ്രസിഡന്റുമാണ്.
ഉപ്പുതറ
മുന്നണികൾ മാറി മാറി വന്നിട്ടുള്ള പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കാലം ഭരണം കൈയാളിയത് യു.ഡി.എഫാണ്. നിലവിൽ എൽ.ഡി.എഫാണ് ഭരിക്കുന്നത്. 18 സീറ്റുകളിൽ എൽ.ഡി.എഫ്13, യു.ഡി.എഫ്അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. സി.പി.ഐയിലെ കെ.സത്യൻ പ്രസിഡന്റും സി.പി.എമ്മിലെ ഷീല രാജൻ വൈസ് പ്രസിഡന്റുമാണ്.
വണ്ടൻമേട്
വണ്ടൻമേട്ടിൽ രണ്ട് പതിറ്റാണ്ടിലധികമായി യു.ഡി.എഫാണ് അധികാരത്തിൽ. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണ നേടാനാവുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. 1964ൽ രൂപീകൃതമായ പഞ്ചായത്തിൽ 18വാർഡുകളാണ്. 10 അംഗങ്ങളാണ് യുഡി.എഫിനുള്ളത്. കോൺഗ്രസ്എട്ട്, കേരള കോൺഗ്രസ് (ജോസഫ്)ഒന്ന്, സ്വതന്ത്രൻഒന്ന്. അഞ്ച് അംഗങ്ങളുള്ള എൽ.ഡി.എഫിൽ സി.പി.എംനാല്, സി.പി.ഐഒന്ന്. മൂന്ന് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കോൺഗ്രസിലെ ജാൻസി റെജി പ്രസിഡന്റും സുരേഷ് മാങ്കേരി വൈസ് പ്രസിഡന്റുമാണ്.
കാഞ്ചിയാർ
1995 മുതൽ ഒന്നര പതിറ്റാണ്ട് കാഞ്ചിയാർ ചുവപ്പുകോട്ടയായിരുന്നു. 2010-2015 കാലഘട്ടത്തിൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചെങ്കിലും 2015ൽ വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലെത്തി. 16 സീറ്റുകളിൽ എൽ.ഡി.എഫിന് 12 അംഗങ്ങളാണുള്ളത്. സി.പി.ഐനാല്, സി.പി.എംഏഴ്, ഹൈറേഞ്ച് സംരക്ഷണ സമിതിഒന്ന്. യു.ഡി.എഫിൽ കേരള കോൺഗ്രസ്‌ജോസ് വിഭാഗംമൂന്ന്, ജോസഫ് വിഭാഗംഒന്ന്. സി.പി.ഐയിലെ വി.ആർ. ശശി പ്രസിഡന്റും സി.പി.എമ്മിലെ ജലജ വിനോദ് വൈസ് പ്രസിഡന്റുമാണ്.
ഇരട്ടയാർ
1995-2000 കാലഘട്ടത്തിൽ എൽ.ഡി.എഫും 2000-2005 കാലയളവിൽ യു.ഡി.എഫും ഭരണം കൈയാളി. 2005ൽ എൽ.ഡി.എഫ്. തിരിച്ചുപിടിച്ചെങ്കിലും 2010 മുതൽ ഒരു പതിറ്റാണ്ടായി യു.ഡി.എഫ്. കോട്ടയാണ്. യു.ഡി.എഫിലെ എട്ട് അംഗങ്ങളിൽ കോൺഗ്രസ്അഞ്ച്, കേരള കോൺഗ്രസ്(എംജോസ് വിഭാഗം) മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇടതുമുന്നണിയിലെ ആറ് അംഗങ്ങളിൽ ഹൈറേഞ്ച് സംരക്ഷണ സമിതിനാല്, സി.പി.എംരണ്ട് എന്നിങ്ങനെയാണ്. കോൺഗ്രസ് റാണി ജോസഫ് പ്രസിഡന്റും ജോസ് വിഭാഗത്തിലെ ലാലിച്ചൻ വെള്ളക്കട വൈസ് പ്രസിഡന്റുമാണ്.
ചക്കുപള്ളം
പഞ്ചായത്തിൽ കൂടുതൽ കാലം ഭരണത്തിലേറിയത് യു.ഡി.എഫാണ്. 2000 മുതൽ ഒന്നര പതിറ്റാണ്ട് യു.ഡി.എഫിന്റെ തേരോട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. 2015ൽ എൽ.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു. 15 വാർഡുകളുള്ള കോൺഗ്രസ് മൂന്ന് കേരള കോൺഗ്രസ്ഒന്ന്, സി.പി.ഐരണ്ട്, ഹൈറേഞ്ച് സംരക്ഷണ സമിതിമൂന്ന്, സി.പി.എംആറ് എന്നിങ്ങനെയാണ് കക്ഷിനില. ഹൈറേഞ്ച് സംരക്ഷണ സമിതിയിലെ ആൻസി ബിജു പ്രസിഡന്റും സി.പി.ഐയിലെ വി.ജെ. രാജപ്പൻ വൈസ് പ്രസിഡന്റുമാണ്.
കട്ടപ്പന ബ്ലോക്ക് ഡിവിഷനുകൾ
1. കാഞ്ചിയാർ(വനിത)
2. ഇരട്ടയാർ
3. ചെമ്പകപ്പാറ
4. വണ്ടൻമേട്
5. കൊച്ചറ(വനിത)
6. കടശിക്കടവ്(വനിത)
7. ചക്കുപള്ളം(വനിത)
8. ആനവിലാസം(വനിത)
9. കൽത്തൊട്ടി(വനിത)
10. അയ്യപ്പൻകോവിൽ(വനിത)
11. ഉപ്പുതറ
12. പശുപ്പാറ
13. വളകോട്(പട്ടികജാതി )