ചങ്ങനാശേരി: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികൾക്കുള്ളിലെ സീറ്റ് ചർച്ചകൾ എങ്ങുമെത്തിയില്ല. ഇന്നും നാളെയുമായി നടക്കുന്ന ചർച്ചയിൽ തീരുമാനമാകുമെന്ന് നേതാക്കൾ പറയുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകേണ്ട സീറ്റുകളുടെ കാര്യത്തിൽ തീരുമാനമാകാത്തതാണ് യു.ഡി.എഫിന് മുന്നിലുള്ള വെല്ലുവിളി. കേരള കോൺഗ്രസ് ഒന്നിച്ചു നിന്നപ്പോൾ ലഭിച്ചിരുന്ന സീറ്റുകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച എങ്ങുമെത്താതെ നീണ്ടത്. കൂടാതെ ചില വാർഡുകളിൽ വിമതർ രംഗത്തെത്തിയതും യു.ഡി.എഫിന് വലിയ തലവേദനയാണ്.

എൽ.ഡി.എഫിൽ കക്ഷി ബാഹുല്യമാണ് ചർച്ചകൾ നീളാൻ കാരണം. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വരവോടെ സീറ്റ് വിഭജനം കീറാമുട്ടിയായി. നിലവിൽ, കേരള കോൺഗ്രസ് ആവശ്യപ്പെട്ട സീറ്റുകൾ മുന്നണിയിലെ മറ്റ് കക്ഷികളിൽ നിന്നും പിടിച്ചെടുത്ത് നൽകേണ്ട സാഹചര്യമാണുള്ളത്. ഇത് മുന്നണിക്കുള്ളിൽ നീരസം സൃഷ്ടിക്കും. എന്തുതന്നെയായാലും ഇന്ന് തന്നെ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുമെന്ന് പാർട്ടി നേതൃത്വം പറഞ്ഞു. എന്നാൽ ചില വാർഡുകളിൽ സ്ഥാനാർത്ഥികൾ ആദ്യ റൗണ്ട് പ്രചരണം പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം എൻ.ഡി.എയിൽ സീറ്റ് ചർച്ചകൾ പൂർത്തിയായി.