കോട്ടയം: സ്റ്റാറ്റസ് വീഡിയോ, പ്രൊഫൈൽ വീഡിയോ, അനിമേഷൻ വീഡിയോ എന്തിന് പഞ്ചായത്ത് മുഴുവനുമുള്ള വോട്ടർമാരുടെ പേരും രാഷ്ട്രീയ ചായ്‌വും വരെ ശേഖരിച്ചുള്ള കാമ്പയിൻ. ഡിജിറ്റൽ കാലത്ത് അത്രയ്ക്ക് സജ്ജമാണ് ഓൺലൈൻ വാൾ! കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചതിനേക്കാൾ കടുത്ത മത്സരമാണ് ഡിജിറ്റൽ പ്രചാരണ രംഗത്ത് ഇക്കുറി. ഒരു വാർഡോ, പഞ്ചായത്തോ മുഴുവൻ ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊടുക്കുന്ന മാർക്കറ്റിംഗ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.
സ്ഥാനാർത്ഥിയുടെ ഒരു വാർഡിലെ പ്രചാരണ കാമ്പയിൻ മൊത്തമായി ഏറ്റെടുക്കുന്ന രീതിയാണിത്. അതിരാവിലെ സ്ഥാനാർത്ഥിയെ വിളിച്ചുണർത്തുന്നതു മുതൽ അന്ന് എവിടെയൊക്കെ പ്രചാരണം നടത്തണം, കൂടുതൽ വോട്ടർമാരുള്ള കുടുംബങ്ങൾ ഏതൊക്കെ തുടങ്ങി മുഴുവൻ കൺസൾട്ടൻസി സർവീസും ലഭ്യമാണ്. 60,000 രൂപ മുതലാണ് പാക്കേജ്. വാട്‌സാപ്, ഫേസ് ബുക്ക്, എസ്.എം.എസ് വഴി വോട്ടർമാരിലേയ്ക്ക് എത്താനും വഴികളുണ്ട്. വഴികളുടെ നിലവാരത്തിന് അനുസരിച്ച് ചെലവും കൂടും.
ഫോട്ടോയും വീഡിയോയും
സൂപ്പർ താര പരിവേഷത്തിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ ഡിസൈൻ ചെയ്യും. ആനിമേഷൻ വീഡിയോയും ഷോർട്ട് ഫിലിമും എന്നുവേണ്ട സകല വികസനങ്ങളും ഉൾപ്പെടെയുള്ള ചെറുവീഡിയോകൾ വാട്സാപ്പുകളിൽ പാറി നടക്കും. ഓരോ വോട്ടർക്കും പ്രദേശത്തെ ഗ്രൂപ്പുകളിലേയ്ക്കും അയച്ചുകൊടുക്കും.
സ്ഥാനാർത്ഥികൾക്കും ഇഷ്ടം ഡിജിറ്റൽ
പ്രവർത്തകർ വീടു വീടാന്തരം കയറി ഇറങ്ങി വോട്ട് പിടിക്കുമ്പോൾ ഭക്ഷണത്തിനും യാത്രാ ചെലവിനും പോസ്റ്റർ ഒട്ടിക്കുന്നതിനുമൊക്കെയുള്ള ചെലവ് നോക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളാണ് എളുപ്പമെന്ന നിലപാടിലാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് ജോലികൾക്ക് സ്വന്തമായി പ്രവർത്തകരില്ലാത്ത സ്വതന്ത്ര സ്ഥാനാർത്ഥികളിൽ ഡിജിറ്റൽ സേവനം തേടുന്നവരേറെയാണ്. അധികച്ചെലവിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റ പിടി വീഴാതിരിക്കാനുള്ള തന്ത്രങ്ങളും സ്ഥാനാർത്ഥികളുടെ മനസിലുണ്ട്.