ele

കോട്ടയം : തദ്ദേശതിരഞ്ഞെടുപ്പ് പത്രികാസമർപ്പണം ഇന്ന് ആരംഭിക്കാനിരിക്കെ പ്രമുഖ മുന്നണികളിൽ സീറ്റ് വിഭജന ചർച്ച എങ്ങുമെത്തിയില്ല. ജില്ലാ പഞ്ചായത്തിൽ സീറ്റ് വിഭജനം ആദ്യം പൂർത്തിയാക്കിയതിന്റെ ക്രെഡിറ്റ് യു.ഡി.എഫ് നേടിയെങ്കിലും ജോസഫ് വിഭാഗത്തിന് അനർഹമായ പരിഗണന നൽകിയതിനെ ചൊല്ലി കോൺഗ്രസിൽ ആരംഭിച്ച കലാപം കെട്ടടങ്ങിയിട്ടില്ല. ജോസഫിന് വിട്ടുകൊടുത്ത വൈക്കം സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ എരുമേലി സീറ്റിനായി മുസ്ലിംലീഗ് സംസ്ഥാനതലത്തിൽ നടത്തുന്ന സമ്മർദ്ദം മറ്റൊരു തലവേദനയാവുകയാണ്.

ഗ്രാമപഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പ്രാദേശിക തലത്തിൽ പൂർത്തിയായി വരികയാണ്. ഒരു സീറ്റിലേക്ക് അഞ്ചു പേരുകൾ വരെയാണ് കോൺഗ്രസ് പ്രാഥമിക ലിസ്റ്റിലുള്ളത്. ജാതി ഉപജാതി പരിഗണനയും മറ്റു സമ്മർദ്ദങ്ങളും അതിജീവിച്ച് ഇതിൽ നിന്ന് ഒരാളെ കണ്ടെത്തുകയാണ് പ്രയാസം.

നാളെയോടെ സീറ്റ് ധാരണയാകും

ഇന്ന് കേരളകോൺഗ്രസ് ജോസ് വിഭാഗവുമായി ചർച്ച നടത്തി നാളെയോടെ സീറ്റ് ധാരണ ഉണ്ടാകുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയതോടെ യു.ഡി.എഫിന്റെ അടിത്തറ തകർന്നു. ജോസഫിന് കൊടുത്ത ഒമ്പതു സീറ്റുകളിൽ ആറും വനിതകളാണ്. വൈക്കത്ത് സ്ഥാനാർത്തിയെ കണ്ടെത്താൻ കഴിയാതെ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കേണ്ട അവസ്ഥയാണുള്ളത്. ജോസ് വിഭാഗം ഇടതുമുന്നണിയിലെ പുതിയ ഘടകകക്ഷിയാണ്. നിലവിലുള്ള സീറ്റാണ് ഘടകകക്ഷികൾ വീതിച്ചു കൊടുക്കേണ്ടത്. പരമാവധി വിട്ടു വീഴ്ച ചെയ്യും. സീറ്റല്ല. ജില്ലാ പഞ്ചായത്ത് എങ്ങനെയും പിടിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാനപരിഗണന ജയസാദ്ധ്യതയ്ക്ക്

ജയസാദ്ധ്യതക്കാണ് പ്രധാന പരിഗണന നൽകുന്നതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചകൾക്ക് നേതൃത്വം നൽകുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ് ഇടതുമുന്നണിയെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക തലത്തിൽ സീറ്റു വിഭജനം തർക്കങ്ങളില്ലാതെ ഏതാണ്ട് പൂർത്തിയായി. ജോസ് വിഭാഗം മുന്നണി വിട്ടത് ഒരു ക്ഷീണവും ചെയ്യില്ല. ജില്ലയിൽ യു.ഡിഎഫിന് ഒരു പോറലുമേൽപ്പിക്കാൻ അവർക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.

സീറ്റ് ചർച്ച പൂർത്തിയായി

എൻ.ഡി.എയിൽ ത്രിതലസമിതികളിലും തർക്കങ്ങളില്ലാതെ സീറ്റ് ചർച്ച പൂർത്തിയായി. സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങി. ജില്ലാ പഞ്ചായത്തിലടക്കം സ്ഥാനാർത്ഥി ലിസ്റ്റും ആദ്യം ഇറക്കാൻ കഴിഞ്ഞു. വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.