കോട്ടയം: മെഡിക്കൽ കോളേജിന് ചുറ്റുമായി കാൽ നൂറ്റാണ്ടായി തരിശുകിടക്കുന്ന മുടിയൂർക്കര പുഞ്ചപ്പാടത്ത് നെൽകൃഷിക്കായി നിലമൊരുക്കി ജനകിയ കൂട്ടായ്മ. മാലിന്യങ്ങൾ നിറഞ്ഞുകിടന്നിരുന്ന പാടശേഖരങ്ങളാണ് തരിശുനില കൃഷിക്ക് വഴിമാറുന്നത്. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ നേതൃത്വത്തിൽ ഗാന്ധിനഗർ നിവാസി റെസിഡൻസ് അസോസിയേഷന്റെ പങ്കാളിത്തോടെയാണ് കൃഷിയിറക്കുന്നത്. നിലമൊരുക്കലിന്റെ ഉദ്ഘാടനം നദീ പുന:സംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ നിർവഹിച്ചു. നിവാസി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.ആർ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ സലോമി ജോസഫ്, കൃഷി ഓഫീസർ നസിയ സത്താർ, കൃഷി എൻജിനീയർ മുഹമ്മദ് ഷെറീഫ്, ജനകീയ കൂട്ടായ്മയുടെ കൺവീനർ കെ.ജെ.സുനിൽദേവ്,കെ.എം.സിറാജ്,അഡ്വ:അനിൽ ഐക്കര,എ.പി മണി, രാഘവൻ വടക്കനാട്ട്,പാടശേഖരസമിതി കൺവീനർ ബിജു പുല്ലത്തിൽ,ജോൺ ജേക്കബ് വേങ്ങച്ചേരിൽ എന്നിവർ പങ്കെടുത്തു.