കോട്ടയം : തിരഞ്ഞെടുപ്പിൽ കൊവിഡ് പ്രതിരോധ മുൻകരുതൽ ഉറപ്പാക്കാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന നിർദേശിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പെടെ മൂന്നുപേരിൽ കൂടാൻ പാടില്ല. പത്രികാ സമർപ്പണ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് മുൻപ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. പത്രിക സമർപ്പിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കുകയും, മാസ്‌കും സാനിറ്റൈസറും ശരിയായ രീതിയിൽ ഉപയോഗിക്കുകയും വേണം. ആവശ്യമെങ്കിൽ പത്രിക നൽകുന്നതിന് സ്ഥാനാർത്ഥികൾക്ക് മുൻകൂട്ടി സമയം അനുവദിക്കാം.
ഒരേ സമയം ഒന്നിലധികം സ്ഥാനാർത്ഥിഥികൾ പത്രിക നൽകാൻ എത്തിയാൽ കാത്തിരിക്കേണ്ടി വരുന്നവർക്കായി സാമൂഹിക അകലം ഉറപ്പാക്കി പ്രത്യേക ഇരിപ്പിട സൗകര്യം ഉണ്ടായിരിക്കണം. പത്രിക സ്വീകരിക്കുമ്പോൾ വരണാധികാരി അല്ലെങ്കിൽ ഉപവരണാധികാരി നിർബന്ധമായും മാസ്‌ക്, കൈയ്യുറ, ഫേസ് ഷീൽഡ് എന്നിവ ധരിക്കണം. ഓരോ സ്ഥാനാർഥിയുടെയും പത്രിക സ്വീകരിച്ചശേഷം ഉദ്യോഗസ്ഥർ കൈകൾ സാനിറ്റൈസ് ചെയ്യണം. സെക്യൂരിറ്റി തുക ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലോ അടച്ചതിന്റെ ചെല്ലാനോ രസീതോ ഹാജരാക്കാം.
മറ്റ് നിർദ്ദേശങ്ങൾ
പത്രികസമർപ്പണത്തിനെത്തുന്ന സ്ഥാനാർത്ഥിക്കൊപ്പം ജാഥയോ ആൾക്കൂട്ടമോ വാഹനവ്യൂഹമോ പാടില്ല
കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നുള്ളവരും ക്വാറന്റൈനിൽ കഴിയുന്നവരും മുൻകൂട്ടി അറിയിക്കണം
സ്ഥാനാർത്ഥി കൊവിഡ് ബാധിതനോ ക്വാറന്റൈനിലോ ആണെങ്കിൽ പത്രിക നിർദേശകൻ മുഖേന സമർപ്പിക്കാം
ഭവനസന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥി ഉൾപ്പെടെ പരമാവധി അഞ്ചു പേർ മാത്രമേ പാടുള്ളൂ
റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങൾ മാത്രമേ പാടുള്ളൂ
ജാഥ, കൊട്ടിക്കലാശം, ആൾക്കൂട്ടം എന്നിവ ഒഴിവാക്കണം. പൊതുയോഗങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച്
പൊതുയോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം
പ്രചരണത്തിന് സമൂഹമാദ്ധ്യമങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം
ക്വാറന്റൈനിലും പ്രചരണം വേണ്ട
ഏതെങ്കിലും സ്ഥാനാർത്ഥിയ്ക്ക് കൊവിഡ് ബാധിക്കുകയോ ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്തുനിന്ന് മാറി നിൽക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. പരിശോധനാ ഫലം നെഗറ്റീവായശേഷം ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ മാത്രമേ തുടർ പ്രവർത്തനങ്ങൾ പാടുള്ളൂ.