കുറവിലങ്ങാട്: മോനിപ്പള്ളി ജംഗ്ഷനിൽ അപകടമൊഴിവാക്കാൻ മുൻകരുതലുമായി ട്രാഫിക് റെഗുലേറ്ററി സമിതി. കഴിഞ്ഞദിവസം ജംഗ്ഷനിലുണ്ടായ അപകടത്തിൽ 2 പേർ മരിച്ചിരുന്നു. ഇതിനെതുടർന്നാണ് പുതിയ ക്രമീകരണവുമായി ഉഴവൂർ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി സമിതി മുന്നോട്ടുവന്നത്.

വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നിയന്ത്രണ ബോർഡുകൾ സ്ഥാപിക്കും. റോഡിൽ റബ്ൾസ് ചെയ്യുക, സൂചനാ ബോർഡുകൾ സ്ഥാപിക്കുക, ഓട്ടോറിക്ഷകളുടെ എണ്ണം നിജപ്പെടുത്തി പാർക്കിങ് അടയാളപ്പെടുത്തുകഎന്നിവയാണ് പ്രധാന തീരുമാനങ്ങൾ. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് വി.റ്റി, മെമ്പർമാരായ അനീസ് മാത്യു, ബിബില ജോസ്, ശാന്തി സജി, സ്റ്റീഫൻ കുന്നക്കാട്ട്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് എസ്.ഐ മാരായ ദിപു റ്റി.ആർ, മാത്യു കെ.എം, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രലാൽ കെ.കെ, രഞ്ജിനി പ്രസാദ്, അജീഷ് എ.എസ്, സരിതാ വി.സി, ഷുക്കൂർ വി.എസ് എന്നിവർ പങ്കെടുത്തു.

ട്രാഫിക് പൊലീസിനെ നിയമിക്കും

പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ജംഗ്ഷനിൽ ട്രാഫിക് പൊലീസിനെ നിയമിക്കും. പുതിയ ബസ് സ്റ്റോപ്പിലേക്ക് മാറ്റി ബസ് നിറുത്തുന്നതിന് ട്രാഫിക് പൊലീസിനെ നിയോഗിക്കും. റോഡ് കൈയേറ്റത്തിനും അനധികൃത പാർക്കിംഗിനുമെതിരെ കർശന നടപടി സ്വീകരിക്കും.