election

കോട്ടയം : തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. അതത് തദ്ദേശസ്ഥാപനങ്ങളിലെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. ജില്ലയിൽ 71 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തിലും ആറു നഗരസഭകളിലുമാണ് ഡിസംബർ 10 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയ്ക്ക് പത്രിക സ്വീകരിക്കും. ഒരു തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്നയാൾ ആ സ്ഥാപന പരിധിയിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാളും അതേ വാർഡിലെ വോട്ടറായിരിക്കണം. സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അതത് സംവരണ വിഭാഗങ്ങളിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒരാൾ ഒരു തദ്ദേശസ്ഥാപനത്തിൽ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാൻ പാടില്ല. എന്നാൽ ത്രിതല പഞ്ചായത്തിലെ മൂന്നു തലങ്ങളിൽ ഒരേ സമയം(ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്) മത്സരിക്കുന്നതിന് തടസമില്ല. നാമനിർദേശ പത്രിക സമർപ്പിക്കമ്പോൾ സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും, ജില്ലാപഞ്ചായത്തിന് 3000 രൂപയുമാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ പകുതി തുക നൽകിയാൽ മതി. ട്രഷറിയിലോ തദ്ദേശസ്ഥാപനത്തിലോ തുക അടച്ച രസീതോ പണമോ ഡെപ്പോസിറ്റായി നൽകാം. സെക്യൂരിറ്റി തുക അധികം നൽകാതെ തന്നെ ഒരു സ്ഥാനാർത്ഥിയ്ക്ക് മൂന്നു സെറ്റ് പത്രികകൾ വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 20 ന് നടക്കും.