കട്ടപ്പന: കാഞ്ചിയാറിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെയും പ്രതിയായ ഓട്ടോ ഡ്രൈവറുടെയും ആത്മഹത്യയിൽ നിരന്തരമായ മനുഷ്യാവകാശ ലംഘനം നടന്നതായി സമാജ്‌വാദി പാർട്ടി ജില്ലാ കമ്മിറ്റി. ഇരുവരുടെയും മരണത്തിനുശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പെൺകുട്ടിയുടേതടക്കം ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ചേർന്ന് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മരണത്തിനു ഉത്തരവാദികളായവരെയും ചിത്രങ്ങൾ പ്രചരിപ്പിച്ചവരെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരണം. മരിച്ചവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ ലംഘിക്കപ്പെട്ടു. ഇതുസംബന്ധിച്ച് മനുഷ്യവകാശ കമ്മിഷനും വനിത കമ്മിഷനും ബാലാവകാശ കമ്മിഷനും പരാതി നൽകിയതായി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കട്ടപ്പന, യുവജന സഭ ജില്ലാ പ്രസിഡന്റ് സുബിൻ കല്ലുപുരക്കൽ എന്നിവർ പറഞ്ഞു.