പൊൻകുന്നം: തദ്ദേശതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചുവരെഴുത്തിനുള്ള അവസരം ഒത്തുവന്നതിലെ ആഹ്ലാദത്തിലാണ് കലാകാരന്മാർ.
ഒരുകാലത്ത് പൊൻകുന്നത്തും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക ബോർഡുകളുടേയും അടിയിൽ ചെറിയ അക്ഷരത്തിൽ കാണുന്ന ഒരു പേരുണ്ടായിരുന്നു. വീനസ്. പൊൻകുന്നം കണ്ടത്തുങ്കൽ ഏണേക്കാട്ട് ആന്റണിയുടെ തൂലികാനാമമാണ് വീനസ്.കടകളടക്കമുള്ള സ്ഥാപനങ്ങളുടെ പേരെഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്തിരുന്ന ഈ കലാകാരന്റെ സൃഷ്ടികൾ ഫ്‌ളക്‌സ്‌ബോർഡുകൾ വന്നപ്പോൾ കാണാനില്ല.
അഞ്ചുവർഷത്തിലൊരിക്കൽ എത്തുന്ന തിരഞ്ഞെടുപ്പുകളിൽ ചുവരെഴുത്തിന് ആരെങ്കിലും വിളിച്ചാൽ മാത്രമാണ് പഴയ ബ്രഷുകൾ പൊടിതട്ടിയെടുക്കുന്നത് .ആന്റണിയെപ്പോലെ ഒരുപാടു കലാകാരന്മർ കാത്തിരിക്കുകയാണ് തിരഞ്ഞെടുപ്പിന് പണികിട്ടും എന്ന പ്രതീക്ഷയിൽ.പണ്ടൊക്കെ രാവുംപകലും ഉറക്കമൊഴിച്ച് ജോലിയെടുത്താലും തീരാത്ത തിരക്കായിരുന്നു.കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും ആശ്രയിക്കുന്ന കലാകാരനായിരുന്നു വീനസ് ആൻണി.1980ലെ തിരഞ്ഞെടുപ്പിൽ വാഴൂർ അസംബ്ലി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. ജോസഫിനുവേണ്ടിയാണ് വീനസ് എന്ന പേരിൽ ആദ്യം എഴുതി തുടങ്ങിയത്. അതേ മണ്ഡലത്തിലെ എതിർ സ്ഥാനാർത്ഥികളായ കെ.നാരായണക്കുറുപ്പ്,പി.എസ്.ജോൺ എന്നിവർക്കുവേണ്ടിയും ബോർഡുകളും ബാനറുകളും ചുവരെഴുത്തും നടത്തിയത് വീനസ് തന്നെയായിരുന്നു.