പാലാ: മീനച്ചിൽ പഞ്ചായത്തിലെ വിളക്കുമാടത്ത് പുറമ്പോക്ക് ഭൂമികളിലെ ആഞ്ഞിലി, തേക്കുമരങ്ങൾ കടത്തിക്കൊണ്ടുപോകാൻ നീക്കം നടത്തിയ സംഭവം ഒതുക്കി തീർക്കാൻ ശ്രമം. എന്നാൽ ആരോപണ വിധേയനായ തടി വ്യാപാരിയോട് ചോദ്യം ചെയ്യലിന് ഹാരജാകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പാലാ പൊലീസ് അറിയിച്ചു. പഞ്ചായത്ത് ഭരണനേതൃത്വവുമായി അടുത്ത ബന്ധമുള്ള തടി വ്യാപാരി സമാനമായ ചില സംഭവങ്ങളിൽ ആരോപണ വിധേയനുമാണ്.
വിളക്കുമാടത്ത് തോട്ടുപുറമ്പോക്കിൽ നിന്നും ആഞ്ഞിലിയും ചാത്തൻകുളത്തെ പഞ്ചായത്ത് ഭൂമിയിൽനിന്നും രണ്ട് തേക്കുകളുമാണ് വെട്ടിവീഴ്ത്തിയത്. തേക്കുകൾ മുറിച്ച് നിലത്തിട്ട നിലയിലായിരുന്നു. തോട്ടുപുറമ്പോക്കിലെ ആഞ്ഞിലിമരം മുകൾഭാഗം വെട്ടി വീഴ്ത്തിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടതോടെ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.തടി വെട്ടിയതു സംബന്ധിച്ച് തടിവ്യാപാരിക്കെതിരെ അയൽവാസിയും പഞ്ചായത്ത് സെക്രട്ടറിയും പാലാ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ വിളക്കുമാടം ഭാഗത്ത് പുറമ്പോക്കിൽനിന്നും തേക്ക് മരം വെട്ടിമാറ്റിയതായും നാട്ടുകാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവിടുന്ന് തടി ചുമന്നു മാറ്റുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതും അന്വേഷണ വിധേയമാക്കും.