കോട്ടയം: എരുമേലി സീറ്റ് നൽകാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം തറപ്പിച്ച് പറഞ്ഞതോടെ ജില്ലയിൽ സൗഹൃദ മത്സരത്തിന് മുസ്ലിം ലീഗ്. 3 ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് ഡിവിഷനുകളിലും മുസ്ലിം ലീഗ് മത്സരിക്കും.ഇന്നലെ ഡി.സി.സി ഓഫീസിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയാണ് അലസിപ്പിരിഞ്ഞത്. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 9 സീറ്റുകൾ നൽകുമ്പോൾ ഒരു സീറ്റിന് തങ്ങൾക്ക് അർഹതയുണ്ടെന്ന് ലീഗ് നേതൃത്വം അറിയിച്ചു.എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉണ്ടെന്ന മറുപടിയാണ് കോൺഗ്രസ് നേതൃത്വം നൽകിയത്. എരുമേലിയില്ലെന്ന നിലപാടിൽ കോൺഗ്രസ് പിടിമുറുക്കിയതോടെ മുസ്ലിം ലീഗ് യോഗം ബഹിഷ്‌ക്കരിച്ചു.
എരുമേലിയിൽ ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലും പൂഞ്ഞാറിൽ ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമലയും മത്സരിക്കും. ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ ലീഗിന്റെ നിലപാട് കാരണമാകുമെന്ന വിലയിരുത്തലും കോൺഗ്രസിലുണ്ട്. കേരളാ കോൺ (എം) ജേക്കബ് വിഭാഗങ്ങൾ സൗഹൃദ മത്സരം നടത്തിയപ്പോഴും യു.ഡി എഫിന് ഭരണം പോയിരുന്നു.