കോട്ടയം : ജില്ലയിലെ ആദ്യത്തെ ഫൊറൻസിക് ലാബ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കും. ഇതിനായി സ്ഥലം അളന്ന് തിരിക്കൽ ഉൾപ്പടെയുള്ള നടപടികൾ പൂർത്തിയായി. ലാബ് വരുന്നതോടെ ജില്ലയിലെ ഫൊറൻസിക് സാമ്പിൾ പരിശോധന വേഗത്തിൽ പൂർത്തിയാക്കാക്കാം. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, എറണാകുളം ജില്ലകളിലാണ് നിലവിൽ ഫൊറൻസിക് ലാബുകൾ ഉള്ളത്.
ലാബിനായി എസ്. എച്ച്. ഒയുടെ കാര്യാലയം
ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിൽ എം.സി റോഡിന് സമീപമാണ് ഏറ്റുമാനൂർ പൊലീസ് ഓഫീസ്.
ഇവിടെ മൂന്ന് ഏക്കർ സ്ഥലമാണുള്ളത്. ഇവിടെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കാര്യാലയം, പൊലീസ് സ്റ്റേഷൻ, ജനമൈതി കാര്യാലയം, ആധുനിക ചോദ്യം ചെയ്യൽ മുറി, വിരലടയാള വിദഗ്ധരുടെ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളിൽ സ്റ്റേഷൻ സമുച്ചയം നിർമാണത്തിനു സ്ഥലം ഉണ്ടെങ്കിലും സർക്കാർ ഫണ്ട് അനുവദിച്ചെങ്കിൽ മാത്രമേ നിർമാണം നടക്കൂ.
സ്ഥലപരിമിതി പ്രശ്‌നം
ലാബിനായി കെട്ടിടം വിട്ടു കൊടുക്കുന്നതോടെ സ്റ്റേഷനിൽ സ്ഥലപരിമിതി പ്രശ്നമായി മാറും. 3500 ചതുരശ്ര അടിയുള്ള രണ്ടു നിലയിലായാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 65 പൊലീസുകാർ ജോലി ചെയ്യുന്നു. ഹാൾ ഉൾപ്പെടെ 9 മുറികളാണ് താഴത്തെ നിലയിൽ ഉള്ളത്. മുകളിലത്തെ നിലയിലുള്ള മുറി വിശ്രമിക്കാനും മറ്റും ഉപയോഗിക്കുന്നു. ശൗചാലയത്തിനു മുൻപിൽ പോലും മേശ ഇട്ട് തിങ്ങി നിറഞ്ഞാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്.