എരുമേലി: കടകളുടെ ലേലം നടന്നിട്ടില്ല. പെയിന്റിംഗോ റോഡ് നവീകരണമോ ആയിട്ടില്ല. പ്രത്യേക ബസുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ല. മണ്ഡലകാലത്തിന് ഇനി നാലുദിവസം ശേഷിക്കുമ്പോൾ ഒരു മുന്നൊരുക്കവുമില്ലാതെ എരുമേലി. കൊവിഡ് പേട്ടതുള്ളുമ്പോൾ ഇക്കുറി ശബരിമല സീസൺ ഇല്ലെന്നു പോലും തോന്നിപ്പോവും.
കടകൾ ലേലം കൊള്ളാതെ കരാറുകാർ പൂർണമായും വിട്ടുനിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച ലേലം നടന്നപ്പോഴും കരാറുകാർ പങ്കെടുത്തില്ല. കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ ഭക്തരെത്തുമോയെന്നതാണ് പ്രധാന ആശങ്ക. വൻ തുക കൊടുത്ത് കടകളും ശൗചാലയങ്ങളും പാർക്കിംഗ് ഗ്രൗണ്ടുകളും മറ്റും ലേലംകൊള്ളുമ്പോൾ നഷ്ടമാകുമെന്ന കണക്കു കൂട്ടലിലാണ് നടത്തിപ്പുകാർ. ഇന്ന് നടക്കുന്ന ലേലത്തിലും ആരും പങ്കെടുക്കുന്നില്ലെങ്കിൽ പൂർണമായും ജീവനക്കാരുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നടത്താനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
ശബരിമല ദർശനത്തിന് ആയിരം പേരായി നിജപ്പെടുത്തുമ്പോൾ അതിന്റെ പകുതിയോളം പേരെ എരുമേലി വഴി എത്താനിടയുള്ളൂ. അന്യ സംസ്ഥാനത്തു നിന്നുള്ള ഭക്തരാണ് പ്രധാന വരുമാന മാർഗം. നിലവിലെ സാഹചര്യത്തിൽ അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തർ എത്തുമോയെന്ന് ഉറപ്പില്ല.
ഇക്കുറി പണി പൂർത്തിയാക്കിയ 20 ശൗചാലയങ്ങൾ തുറന്നു കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻപ് നവംബർ ആദ്യം തന്നെ മുഴുവൻ ലേലവും പൂർത്തിയാക്കുകയാണ് പതിവ്. താത്കാലിക കടകൾ, സ്റ്റുഡിയോകൾ, വഴിയോരക്കച്ചവടക്കാർ തുടങ്ങിയവരാൽ എരുമേലി സജീവമാകും. എരുമേലിക്കും പരിസരത്തുമുള്ളവരുടെ പ്രധാന വരുമാന മാർഗം കൂടിയാണ് ശബരിമല സീസൺ. കോടികളാണ് ജില്ലയിൽ ശബരിമല സീസണിൽ എത്തിയിരുന്നത്.
ഇന്ന് ലേലം
എരുമേലി ജമാ അത്തിന്റെ പാർക്കിംഗ് മൈതാനം, നാളികേരം, ശൗചാലയങ്ങൾ എന്നിവയുടെ ലേലം ഇന്ന് നടക്കും.
ട്രെയിനും ബസുമില്ല
സ്‌പെഷ്യൽ ട്രെയിനുകളും കെ.എസ്.ആർ.ടി.സി പമ്പ സർവീസും പതിവു പോലെ ഉണ്ടാകില്ല. മുൻവർഷങ്ങളിൽ നവംബർ 16 മുതൽ എരുമേലി, പമ്പ റൂട്ടിൽ ബസ് സർവീസ് തുടങ്ങുമായിരുന്നു. ഇക്കുറി നിശ്ചിത എണ്ണം തീർത്ഥാടകർ എത്തിയാൽ പമ്പയിലേക്ക് സ്‌പെഷ്യൽ സർവീസ് നടത്തുന്നത് പരിഗണയിലുണ്ട്. ഇതിനായി ഓൺലൈൻ റിസർവേഷൻ തുടങ്ങാനും നിശ്ചിത എണ്ണം തീർത്ഥാടകരെ ഒരേ സമയത്ത് കോട്ടയത്തെത്തിച്ച് ബസ് ഓടിക്കാനുമാണ് ആലോചന. ഇതേ തീർത്ഥാടകർ സന്നിധാനത്തുനിന്ന് മടങ്ങുമ്പോൾ കോട്ടയത്ത് എത്തിക്കുകയും ചെയ്യും.