കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പച്ചതുരുത്തിന് തുടക്കമായി. വർഷങ്ങളായി കാടുകയറി മാലിന്യം നിറഞ്ഞുകിടന്ന ബ്ലോക്കിന്റെ 18 സെന്റ് സ്ഥലമാണ് പച്ചത്തുരുത്തിനായി തെരഞ്ഞെടുത്തത്.ഹരിതകേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി, പള്ളം ബ്ലോക്ക് പഞ്ചായത്ത്, വിജയപുരം ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത സഹകരണത്തിലാണ് പച്ചത്തുരുത്ത് നിർമ്മിച്ചത്.
തൊഴിലുറപ്പ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കാട് തെളിച്ച് മാലിന്യങ്ങൾ നീക്കി. തുടർന്ന് പച്ചത്തുരുത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് മുള കൊണ്ട് സംരക്ഷണ വേലി നിർമ്മിച്ചു. ദശപുഷ്പ ഉദ്യാനം, ശലഭോദ്യാനം, ഔഷധ സസ്യ ഉദ്യാനം, ഫല വൃക്ഷങ്ങൾ, അലങ്കാര ചെടികൾ, തണൽ മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പച്ചത്തുരുത്ത് നിർമ്മാണം പൂർത്തിയാക്കിയത്.