election

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമർപ്പണം ആരംഭിച്ചിട്ടും കോട്ടയത്ത് എൻ.ഡി.എ ഒഴികെയുള്ള മുന്നണികളിൽ സീറ്റ് വീതം വയ്ക്കലിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായി തുടരുന്നു .

ഇടതു മുന്നണിയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് സി.പി.ഐ സീറ്റുകൾ വീതം വയ്ക്കുന്നതിലാണ് തർക്കം. ഇന്നത്തോടെ ധാരണയിൽ എത്തുമെന്നാണ് നേതാക്കൾ പറയുന്നത്.

യു.ഡി.എഫ് ജോസഫ് വിഭാഗത്തിന് ഒമ്പതു സീറ്റ് കൊടുത്തത് ഇടതു മുന്നണി സീറ്റ് വിഭജനത്തെയും ബാധിച്ചു. തങ്ങൾക്ക് 10 സീറ്റെങ്കിലും ലഭിക്കണമെന്ന നിലപാടിൽ നിൽക്കുകയാണ് ജോസ് വിഭാഗം. ഒമ്പതു സീറ്റ് വരെ നൽകാൻ സി.പി.എം തയ്യാറായിട്ടുണ്ട്. സി.പി.ഐ രണ്ടു സീറ്റ് വിട്ടുകൊടുക്കാത്തതാണ് പ്രശ്നം .

 അധിക സീറ്റ് സി. പി. എം. കൊടുക്കട്ടെ: സി.പി.ഐ

അഞ്ചു സീറ്റിൽ ഒരു സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. അതിൽ കൂടുതൽ പറ്റില്ല . ആകെയുള്ള 22സീറ്റിൽ തങ്ങളുടെ നാലെണ്ണം കഴിഞ്ഞ് 18 സീറ്റുകൾ സി.പി.എമ്മും ജോസ് വിഭാഗവും വീതം വയ്ക്കട്ടെ.

ജനതാദൾ, എൻ.സി.പി കക്ഷികളുടെ സീറ്റുകൾ കൂടി എടുത്ത് 18 സീറ്റ് ജോസ് വിഭാഗവുമായി വീതം വയ്ക്കുമ്പോൾ മേധാവിത്വം നഷ്ടപ്പെടുമെന്നതാണ് സി.പി.എമ്മിന്റെ ഭയം.

ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുസ്ലീം ലീഗ്

എരുമേലി സീറ്റ് മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിക്ക് നൽകണമെന്ന ആവശ്യം കോൺഗ്രസ് തള്ളിയതിൽ പ്രതിഷേധിച്ച് ഏരുമേലിയിൽ മത്സരിക്കാൻ മുസ്ലീംലീഗ് തീരുമാനിച്ചു. ജോസഫിന് ഒമ്പതു സീറ്റ് നൽകിയതോടെ പൊട്ടിത്തെറിയിലായ കോൺഗ്രസിൽ ഇതോടെ പ്രതിസന്ധി രൂക്ഷമായി.

കോട്ടയം ജില്ലാ പഞ്ചായത്തിലെ എരുമേലി ഡിവിഷനു പുറമേ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പുഞ്ചവയൽ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളുമാണ് ലീഗ് ആവശ്യപ്പെട്ടത്.

ജോസഫ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകുകയും തനിക്ക് സീറ്റ് നൽകണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത കോൺഗ്രസ് നടപടി അനീതിയാണെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി പറഞ്ഞു. അർഹമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ എരുമേലി, കാഞ്ഞിരപ്പള്ളി അടക്കം അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ലീഗ് സ്ഥാനാർത്ഥികളെ സ്വതന്ത്രരായി മത്സരിപ്പിക്കാനാണ് തീരുമാനം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് ആവശ്യപ്പെട്ടിട്ടുള്ള 30 സീറ്റുകളിൽ ഒന്നാണ് പൂഞ്ഞാർ . ഈ ആവശ്യം പരിഗണിക്കാതിരിക്കാനാണ് ജില്ലാ പഞ്ചായത്തിൽ ലീഗിന്റെ അവകാശവാദം കോൺഗ്രസ് തള്ളിയത്.