പൊൻകുന്നം:പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടം നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.പൊൻകുന്നം പ്ലാച്ചേരി റീച്ചിൽ ടാറിംഗിനു മുമ്പുള്ള ഗ്രാന്യുലാർ സബ് ബേസ് പൂർത്തിയായതായി കരാറുകാരൻ അറിയിച്ചു. തെക്കേത്തുകവല മുതൽ പൊന്തൻപുഴ വരെയാണ് അടുത്ത ദിവസം ടാറിംഗ് ജോലികൾ നടക്കുക. ചെറുവള്ളി ,പഴയിടം,മൂലേപ്ലാവ്, പൊന്തൻപുഴ എന്നിവിടങ്ങളിൽ ടാറിംഗ് പൂർത്തിയാക്കി ഡിസംബർ പകുതിയോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതിയിടുന്നത്.10 മീറ്റർ വീതിയിലാണ് ടാറിംഗ് നടത്തുന്നത്. അടുത്തഭാഗമായി തെക്കേത്തുകവല മുതൽ പൊൻകുന്നം വരെ ടാറിംഗ് തുടങ്ങും.ഈ ഭാഗത്ത റോഡിനിരുവശങ്ങളിലും വീതികൂട്ടി സംരംക്ഷണഭിത്തി നിർമ്മാണവും ഓട കലുങ്ക് എന്നിവയുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.

 റീച്ചുകൾ 3

മൂന്നു റീച്ചുകളായാണ് നിർമ്മാണം നടക്കുന്നത്.പുനലൂർ കോന്നി 29.84 കിലോമീറ്റർ, കോന്നി പ്ലാച്ചേരി 30.16 കിലോമീറ്റർ, പ്ലാച്ചേരി പൊൻകുന്നം 22.173 കിലോമീറ്റർ. 236.79 കോടി കോടി രൂപയാണ് പൊൻകുന്നം പ്ലാച്ചേരി റീച്ചിന്റെ അടങ്കൽതുക.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, മൈലപ്ര, റാന്നി, പ്ലാച്ചേരി, മണിമല, ചെറുവള്ളി വഴി പൊൻകുന്നം വരെയെത്തുന്ന പാത ഒന്നാം ഘട്ടം നിർമ്മാണം പൂർത്തിയായ പൊൻകുന്നം പാലാ തൊടുപുഴ മൂവാറ്റുപുഴ സംസ്ഥാനപാതയുമായി ചേരും. പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള 50.22 കിലോമീറ്റർ റോഡ് 2014ൽ കെ.എസ്.ടി.പി എറ്റെടുത്ത് ലോകബാങ്ക് സഹായത്തോടെ 2 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയിരുന്നു.